ചെന്നൈ: ലോകകപ്പ് സെമിഫൈനലോടെ ക്രിക്കറ്റ് മൈതാനത്തിൽ മങ്ങിത്തുടങ്ങിയ പേരാണ് മഹേന്ദ്ര സിംഗ് ധോണി. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും അടിവരയിട്ട് ഐ.പി.എൽ മത്സരങ്ങൾക്കൊരുങ്ങുകയാണ് താരം. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണി പരിശീലനത്തിനെത്തിയിരിക്കുകയാണ്. ചെന്നൈയിൽ പരിശീലനത്തിനെത്തിയ ധോണി ഹോട്ടലിൽ വന്നപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റൈന ധോണിയുടെ കഴുത്തിൽ ഉമ്മ നൽകിയാണ് വരവേറ്റത്. ഊഷ്മളമായൊരു ആലിംഗനത്തോടെയാണ് ധോണി റൈനയെ സ്വീകരിച്ചത്.
'തല' എന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ധോണിയെ വിശേഷിപ്പിക്കുന്നത്. ധോണി കഴിഞ്ഞാൽ സി.എസ്.കെ ടീമിൽ ആരാധകരുടെ കാര്യത്തിൽ മുമ്പൻ റൈനയാണ്. വമ്പിച്ച വരവേൽപ്പാണ് ധോണിക്ക് ആരാധകർ നൽകിയത്. 2020ലെ ഐ.പി.എൽ ആഘോഷിക്കാൻ എല്ലാ ടീമുകളുടെയും ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ധോണിയെ റൈന സ്വീകരക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.