വത്തിക്കാൻ: ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾക്ക് ആശ്വാസവാർത്ത. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊറോണ ബാധയില്ല.

വൈറസ് ബാധയുണ്ടോ എന്നറിയാനുള്ള പരിശോധനാഫലം നെഗറ്റീവാണെന്ന് ഇറ്റാലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ ജനങ്ങളോട് സംവദിച്ചതിന് പിന്നാലെയാണ് മാർപാപ്പ അസുഖ ബാധിതനായത്. അന്ന് അദ്ദേഹം പങ്കെടുത്ത ശുശ്രൂഷാചടങ്ങിലെ ദൃശ്യങ്ങളിൽ കടുത്ത ജലദോഷവും ചുമയും കാരണം മാർപാപ്പ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

തുടർന്ന് വ്യാഴാഴ്ച റോമിൽ നിശ്ചയിച്ച പരിപാടി മാർപാപ്പ റദ്ദാക്കിയിരുന്നു. കൊറോണ പരിശോധന നടത്തിയോ എന്ന കാര്യത്തിലും പ്രതികരിക്കാൻ വത്തിക്കാൻ തയ്യറായിരുന്നില്ല. നിലവിൽ താമസസ്ഥലത്ത് ചികിത്സയിൽ തുടരുകയാണ് മാർപാപ്പ.


 യൂറോപ്പിൽ കൊറോണ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഇറ്റലിയിൽ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞു. 2000 ലേറെ പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. മരണസംഖ്യ 52 ആയി ഉയർന്നു.