attukal-pongala-2020

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ സുരക്ഷയ്ക്കായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. പൊലീസ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ, കളക്ടറേറ്റ്, ഫയ‌ർഫോഴ്സ് തുടങ്ങിയവയുടെ കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംഘത്തെയും ക്ഷേത്ര പരിസരത്ത് നിയോഗിച്ചിട്ടുണ്ട്. സംഘത്തിൽ രണ്ട് ഹെൽത്ത് ഇൻസ്പെക്ടറും 6 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമുണ്ട്. കുത്തിയോട്ട വ്രതം തുടങ്ങിയതോടെ രണ്ട് ശിശുരോഗ വിദഗ്ദരും 2 സ്റ്റാഫ് നഴ്സുമാരും ക്ഷേത്ര പരിസരത്തെ മെഡിക്കൽ ബൂത്തിലുണ്ട്. കൺട്രോൾ റൂമിൽ ആരോഗ്യ ബോധവത്കരണ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രവും പരിസരവും 24 മണിക്കൂറും പൊലീസിന്റെ സി.സി ടി.വി നിരീക്ഷത്തിലാണ്. കൺട്രോൾ റൂമുകളിൽ ഇവ മോണിറ്റ‌ർ ചെയ്യും. ക്ഷേത്ര പരിസരത്ത് 500 ഒാളം പൊലീസ് ഉദോഗ്യസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. പൊങ്കാല നാളിൽ പ്രത്യേകം വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കും.

ഭക്ഷ്യസുരക്ഷാ പരിശോധനയും ശക്തമാക്കി. ഇതിനായി നാലും അഞ്ചും പേർ ഉൾപ്പെടുന്ന 7 സ്ക്വാഡുകളുണ്ട്.

ഉത്സവവുമായി ബന്ധപ്പെട്ട് തുറക്കുന്ന താത്കാലിക കടകളിലടക്കം പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ല. പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളവും അനുവദനീയമല്ല. അന്നദാനം നടത്തുന്നവർക്ക് കുടിവെള്ള വിതരണത്തിനായി സ്റ്റീൽ പാത്രങ്ങൾ, മൺ പാത്രങ്ങൾ എന്നിവ ഉപയോഗിക്കാം. മൈനസ് 20,18 എന്നീ താപനിലയിൽ താഴാതെയുള്ള ഐസ്ക്രീമുകൾ, ശുചിത്വം പാലിക്കാതെയുള്ള കളർ പാനീയങ്ങൾ എന്നിവ വിൽക്കാൻ പാടില്ല.