un-aganist-caa

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസിൽ കക്ഷിചേരണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി)​ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും,​ ഇന്ത്യ പരമാധികാര രാജ്യമായതിനാൽ ആഭ്യന്തരവിഷയങ്ങളിൽ പുറത്തുനിന്നുള്ളവർക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സി.എ.എയ്ക്കെതിരായ കേസിൽ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ടാണ് യു.എൻ.എച്ച്.ആർ.സി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണമെത്തിയത്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുറത്തുനിന്നുള്ളവർക്ക് ഇടപെടാനാകില്ലെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് പൗരത്വം നേടാനുള്ള ജനങ്ങളുടെ അവകാശത്തിൽ വിവേചനം സൃഷ്ടിക്കുമെന്ന് യു.എൻ ഹൈക്കമ്മീഷ്ണർ ഫോർ ഹ്യൂമൻസ് ഓഫീസ് വക്താവ് വ്യക്തമാക്കി. എല്ലാകുടിയേറ്റക്കാർക്കും അർഹിക്കുന്ന ബഹുമാനവും സംരക്ഷണവും അവകാശവും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടുച്ചേർത്തു.