'ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് എതിരായ സംഘടിത ആക്രമണങ്ങളെ ഇറാൻ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സുഹൃത്താണ് ഇറാൻ. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആക്രമണങ്ങൾ തടയണമെന്നും ഇന്ത്യൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. സമാധാനപരമായ സംഭാഷണങ്ങളും നിയമവാഴ്ചയുമാണ് മുന്നോട്ടുള്ള വഴി"- ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സാരിഫ് ട്വീറ്റ് ചെയ്തു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിവേചനവും പക്ഷപാതപരവുമായ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നാണ് ഇറാൻ അംബാസഡർ അലി ചെഗേനിയോട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇറാനെ പോലെ ഒരു രാജ്യത്തിന്റെ ഭാഗത്തു നിന്ന് ഇത്തരം പ്രസ്താവനകൾ പ്രതീക്ഷിച്ചതല്ലെന്നും ഇന്ത്യ പറഞ്ഞു. നേരത്തേ യു.എൻ സെക്രട്ടറി ജനറലും അമേരിക്കയിലെ ജനപ്രതിനിധികളും ഡൽഹി കലാപത്തെ അപലപിച്ചിരുന്നു.
47 പേർക്കാണ് കഴിഞ്ഞയാഴ്ച ഉണ്ടായ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.