കൊച്ചി: കേരളത്തിൽ സ്‌കൂളുകൾക്ക് അഫിലിയേഷൻ നൽകാനുള്ള മുഖ്യതടസം സംസ്ഥാന സർക്കാർ എൻ.ഒ.സി നൽകാത്തതാണെന്ന് സി.ബി.എസ്.ഇയുടെ അഭിഭാഷകൻ ഇന്നലെ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
സ്‌കൂളുകൾക്ക് അംഗീകാരമില്ലാത്തതിനാൽ പരീക്ഷ എഴുതാൻ സി. ബി. എസ്. ഇ അനുമതി നിഷേധിച്ചതിനെതിരെ അരൂജാസ് ലിറ്റിൽ സ്റ്റാർസ്, പള്ളുരുത്തി അൽ - അസർ എന്നീ സ്‌കൂളുകളിലെ കുട്ടികൾ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്.
അംഗീകാരമില്ലാത്ത ഏതെങ്കിലും സ്‌കൂളിലെ കുട്ടികളെ അംഗീകാരമുള്ള സ്‌കൂളുകൾ മുഖേന ഇത്തവണ പരീക്ഷ എഴുതിക്കുന്നുണ്ടോയെന്ന് സത്യവാങ്മൂലം നൽകാൻ ഡിവിഷൻബെഞ്ച് സി.ബി.എസ്.ഇയോട് നിർദ്ദേശിച്ചിരുന്നു. 25,000ത്തിലേറെ സ്കൂളുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്നും ഇങ്ങനെ സത്യവാങ്മൂലം നൽകാനാവില്ലെന്നും സി.ബി.എസ്.ഇ ഇന്നലെ വിശദീകരിച്ചു.
350 കുട്ടികൾ പഠിക്കുന്ന അരൂജാസ് സ്‌കൂളിൽ ടോയ്‌ലെറ്റുകൾ ഉൾപ്പെടെ വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്ന് സി.ബി.എസ്.ഇ ചൂണ്ടിക്കാട്ടി. അരൂജാസ് സ്കൂളിലെ കുട്ടികൾ എട്ടും ഒമ്പതും ക്ളാസുകളിലെ പരീക്ഷകൾ എഴുതിയതും അംഗീകാരമില്ലാതെയാണ്. ഇങ്ങനെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷ എഴുതിക്കാൻ ശ്രമിച്ച മൂന്നു സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കും. അരൂജാസ് സ്‌കൂൾ സി.ബി.എസ്.ഇ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അഭിഭാഷൻ വിശദീകരിച്ചു. സർക്കാർ അഭിഭാഷകനും ഇൗ വാദത്തെ പിന്തുണച്ചു. എങ്കിലും കുട്ടികൾക്ക് പരീക്ഷ എഴുതാം എന്നായിരുന്നു കോടതി നിലപാട്. ഇതിനെ സി.ബി.എസ്.ഇ എതിർത്തില്ല. തുടർന്നാണ് അനുമതി നൽകിയത്.
ഇന്നലെ രാവിലെ അരൂജാസ് സ്കൂളിലെ അപ്പീൽ പരിഗണിക്കുമ്പോൾ അൽ അസർ സ്കൂളിലെ നാലു കുട്ടികൾ സമാന ആവശ്യവുമായി എത്തിയിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഇൗ കുട്ടികളുടെ ഹർജിയടക്കം സിംഗിൾബെഞ്ചിൽ നിന്ന് വിളിച്ചുവരുത്തിയാണ് ഡിവിഷൻബെഞ്ച് ഇടക്കാല ഉത്തരവു നൽകിയത്.