muhammad-shahrukh

ലക്‌നൗ: ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ മുഹമ്മദ് ഷാരൂഖ് പിടിയിൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷാരൂഖിനെ ഇന്നലെ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഷാരൂഖിന് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ഡൽഹി അഡിഷണൽ കമ്മിഷണർ അജിത് കുമാർ സിംഗ്ള അറിയിച്ചു.

ഫെബ്രുവരി 24ന് വടക്ക് കിഴക്കൻ ഡൽഹിയിലെ ജഫ്റാബാദിൽ സംഘർഷത്തിനിടെയാണ് ഷാരൂഖ് പൊലീസിന് നേരെ തോക്ക് ചൂണ്ടുകയും സമരക്കാർക്ക് നേരെ എട്ട് റൗണ്ട് വെടിവയ്ക്കുകയും ചെയ്തത്.

ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി 'സ്ഥലം വിട്ടോ, ഇല്ലെങ്കിൽ ഇപ്പൊ നിന്നെയും ചുട്ടുകളയും' എന്ന് ഷാരൂഖ് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് ഇയാൾ ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ എട്ടു റൗണ്ട് വെടിയുതിർക്കുകയായിരുന്നു.