വിവാഹം കഴിഞ്ഞ പുരുഷന്മാരെ ഒരിക്കലും പ്രണയിക്കാൻ പാടില്ലെന്നും അവരുമായി ബന്ധപ്പെടരുതെന്നും പറഞ്ഞ് ഹിന്ദി നടി നീനാ ഗുപ്ത. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് നടി തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കും ഇങ്ങനെയൊരു ഉപദേശം നൽകിയത്. നിരവധി ഹിന്ദി ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ നീനാ ഗുപ്ത, ' വാസ്തുഹാര എന്ന അരവിന്ദൻ/മോഹൻലാൽ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്കും സുപരിചിതയാണ്.
ഈ രീതിയിലുള്ള ബന്ധങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഉണ്ടാകാവുന്ന മോശം അനുഭവങ്ങളെ കുറിച്ചും നീനാ ഗുപ്ത തന്റെ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. വിവാഹിതനായ പുരുഷനൊപ്പം ഒരു രാത്രി ഒന്നിച്ചു കഴിഞ്ഞ ശേഷം വീണ്ടും അത് തുടരാൻ ഒരാൾ ആഗ്രഹിക്കുമെന്നും അവസാനം അയാളെ വിവാഹം ചെയ്യണം എന്നാകും നിങ്ങൾ ആഗ്രഹിക്കുക എന്നും നടി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ബന്ധം ആരംഭിച്ച ശേഷം ഭാര്യയിൽ നിന്നും വിവാഹമോചനം നേടാൻ ആ സ്ത്രീ നിർബന്ധിച്ചാൽ ഈ പുരുഷന്മാർ തങ്ങളുടെ കുട്ടികളുടെ കാര്യം പറഞ്ഞുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞുമാറുമെന്നും നീന വീഡിയോയിൽ പറഞ്ഞു.
'ഒടുവിൽ അയാൾ നിങ്ങളെ വിട്ടുപോകുകയാണ് ഉണ്ടാകുക. ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്. അതിനാൽ ഒരുപാട് അനുഭവിക്കേണ്ടി വന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഒരിക്കലും അങ്ങനെ ചെയ്യരുത്.' നീന ഗുപ്ത പറഞ്ഞു നിർത്തുന്നു. വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരുന്ന നീനയ്ക്ക് ആ ബന്ധത്തിൽ മസാബ ഗുപ്ത എന്ന പേരിൽ ഒരു മകളുമുണ്ട്. ഫാഷൻ ഡിസൈനറാണ് മസാബ ഗുപ്ത.