ശ്രീനഗർ:പുൽവാമ ഭീകരാക്രമണത്തിന് ഒരു വർഷം പിന്നിടുമ്പോൾ കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവായി ഭീകരരെ സ്വന്തം വീട്ടിൽ താമസിപ്പിച്ച അച്ഛനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
പുൽവാമയിലെ ഹക്രിപ്പോരയിലെ ട്രക്ക് ഡ്രൈവർ താരിഖ് അഹമ്മദ് ഷാ (50), മകൾ ഇൻഷാ ജാൻ (23) എന്നിവരാണ് അറസ്റ്റിലായത്.
40 സി.ആർ.പി.എഫ് ജവാൻമാരെ കൂട്ടക്കൊല ചെയ്‌ത ചാവേർ ആദിൽ അഹമ്മദ് ദറിനെയും നാല് കൂട്ടാളികളെയുമാണ് 2018-2019 കാലയളവിൽ പതിനഞ്ചിലേറെ തവണ ഇവർ വീട്ടിൽ താമസിപ്പിച്ചത്. ഓരോ തവണയും രണ്ട് മുതൽ നാല് ദിവസം വരെ ഭീകരർ ഈ വീട്ടിൽ കഴിഞ്ഞു. പാക് ഭീകരന്മാരായ മുഹമ്മദ് ഉമർ ഫറൂഖ്, കംറാൻ, ഇസ്‌മയിൽ പുൽവാമയിലെ ജയ്‌ഷെ ഭീകരൻ സമീർഅഹമ്മദ് ദർ എന്നിവരാണ് ഇവിടെ താമസിച്ചത്. ഇഷാൻ ജാൻ ഇവർക്ക് ഭക്ഷണം വച്ചു വിളമ്പി. ഈ വീട്ടിൽ വച്ചാണ് സി.ആർ.പി.എഫ് വാഹന വ്യൂഹം ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത്.
പുൽവാമ കാകപോറ സ്വദേശിയായിരുന്നു ചാവേറായ ആദിൽ അഹമ്മദ്. ഇയാൾ ആക്രമണത്തിന് തയ്യാറെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഈ വീട്ടിൽ വച്ച് റെക്കാഡ് ചെയ്തതായും എൻ.ഐ.എ പറയുന്നു. ഈ വീഡിയോ പിന്നീട് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് പാകിസ്ഥാനിൽ നിന്ന് പുറത്തുവിട്ടിരുന്നു.
വീട്ടിൽ തിങ്കളാഴ്ച രാത്രി റെയ്ഡ് നടത്തിയ എൻ.ഐ.എ സംഘം ഇന്നലെ രാവിലെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
ബോംബ് നിർമ്മാതാവായ ഭീകരൻ മുഹമ്മദ് ഉമർ ഫാറുഖുമായി ഇൻഷ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. ഫാറൂഖ് ജീവിച്ചിരുന്ന കാലമത്രയും സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയും ഇൻഷയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
ആദിൽ അഹമ്മദ് ദറിന് അഭയം നൽകിയ മറ്റൊരാൾ നാലു ദിവസം മുമ്പ് അറസ്റ്റിലായിരുന്നു.
ഫെബ്രുവരി 14ന് ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിന് ശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം കാശ്‌മീർ പൊലീസിൽ നിന്ന് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.