കൊച്ചി : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മുൻ യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവിനെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ സുഭാഷ് വാസു, സുരേഷ് ബാബു, ഷാജി. എം. പണിക്കർ, എം. മധു, ശിവൻ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. എന്നാൽ അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യം അനുവദിച്ചില്ല. ഹർജിയിൽ സർക്കാരിന്റെ വിശദീകരണത്തിന് രണ്ടാഴ്ച കൂടി സമയം നൽകിയ കോടതി, ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
മൈക്രോ ഫിനാൻസ് പദ്ധതിയിൽ 11 കോടിയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സുഭാഷ് വാസു ഉൾപ്പെടെയുള്ളവർക്കെതിരെ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2019 ആഗസ്റ്റ് ഒന്നിനാണ് മാവേലിക്കര പൊലീസ് കേസെടുത്തത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. കേസെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ,എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണഘടന അനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നുമാണ് ഹർജിക്കാരുടെ വാദം.