മരണം 3117
രോഗബാധിതർ 91336
ലോസാഞ്ചൽസ്: കൊറോണ വൈറസ് (കൊവിഡ് –19) ബാധിച്ച് അമേരിക്കയിൽ ഇതുവരെ ആറുപേർ മരിച്ചു. വാഷിംഗ്ടണിൽ ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന കിങ് കൗണ്ടിയിലാണ് അഞ്ച് മരണങ്ങൾ. അമേരിക്കയിൽ ഇതുവരെ 90 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ബ്രിട്ടനിൽ 39 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മരണം 56 ആയി.
ഫ്രാൻസിൽ ഇതുവരെ 190ലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. നാലു മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആളുകൾ കൂടുന്ന പരിപാടികളെല്ലാം റദ്ദാക്കാനാണ് ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം നൂറോളം സ്കൂളുകളും പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടു.
ഖത്തറിൽ ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. എട്ടു പേർക്കാണ് ഇതുവരെ വൈറസ് ബാധയുള്ളത്. ഇറാനിൽ നിന്നും പ്രത്യേക വിമാനത്തിലെത്തിച്ച പൗരനാണ് രോഗബാധിതനെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആർട് ദുബായ്, ഖത്തർ രാജ്യാന്തര നാവികപ്രതിരോധ പ്രദർശനം തുടങ്ങിയ സർക്കാർ, സ്വകാര്യ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
66 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ താത്കാലിക വിലക്കേർപ്പെടുത്തി. ആറു ഗൾഫ് രാജ്യങ്ങളിലായി 141 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജി 20യെ ബാധിക്കില്ല
രോഗഭീതിയുണ്ടെങ്കിലും ജി 20 സംഗമങ്ങളെ ബാധിക്കില്ലെന്ന് സൗദി വ്യക്തമാക്കി. ജി 20 ഔദ്യോഗിക പ്രതിനിധികളെ സ്വീകരിക്കുന്നത് തുടരും. ചർച്ചകൾക്കും ഗ്രൂപ്പ് സംഗമങ്ങൾക്കും മുടക്കം വരില്ലെന്നും ജി 20 സൗദി സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു. 2020 നവംബറിലാണ് രാജ്യം ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.
ഒളിമ്പിക്സ് മാറ്റി വച്ചേക്കും
കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. മത്സരങ്ങൾ ഈ വർഷം അവസാനത്തേക്ക് മാറ്റിവെച്ചേക്കുമെന്ന് ജപ്പാൻ ഒളിമ്പിക്സ് മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോ സൂചിപ്പിച്ചു. ജപ്പാൻ പാർലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.ജൂലായ് 24 മുതൽ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്സ് തീരുമാനിച്ചിരുന്നത്.