ന്യൂഡൽഹി: പൗരത്വ നിയമ ഭേഗതിക്കെതിരായ കേസിൽ നിർണായക ഇടപെടൽ നടത്തി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ. സുപ്രീം കോടതിയിലെ കേസിൽ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കമ്മീഷണർ കക്ഷി ചേരാനായി അപേക്ഷ നൽകി. ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഈ കേസിൽ കക്ഷി ചേരാൻ ആഗ്രഹമുണ്ടെന്ന് ഇന്നലെ മനുഷ്യാവകാശ കമ്മീഷണറെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ സുപ്രീം കോടതിയിൽ നൽകി കഴിഞ്ഞു.
ഒരു വിഭാഗത്തിന്റെ അവകാശം ഹനിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസ് യു.എൻ സെക്രട്ടേറിയറ്റിന്റെ ഭാഗമാണ്. അതിനാൽ ഐക്യരാഷ്ട്ര സഭ നേരിട്ടുതന്നെ സുപ്രീം കോടതിയിൽ ഈ കേസിൽ കക്ഷി ചേർന്നിരിക്കുന്നുവെന്നു അനുമാനിക്കാവുന്നതാണ്. എന്നാൽ ഈ നടപടിയെ ചോദ്യം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു.
യു.എൻ മനുഷ്യാവകാശ കമ്മീഷണറുടേത് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള അനാവശ്യ ഇടപെടലാണെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. അതോടൊപ്പം ഡൽഹി കലാപത്തെ കുറിച്ചുള്ള ഇറാന്റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിക്കാൻ കേന്ദ്രം ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലും മനുഷ്യാവകാശ കമ്മീഷണറും പ്രതികരിച്ചിരുന്നു.