mohanlal-shane-nigam

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് ഒത്തുതീർപ്പിലേക്ക് എത്താൻ സാധ്യത. അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സന്നദ്ധത ഷെയ്ൻ നിഗം അറിയിച്ചു. രണ്ട് സിനിമകൾക്കുമായി 32 ലക്ഷം രൂപ നൽകാം എന്നാണ് ഷെയ്ൻ അറിയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ്‌യോഗത്തിലേക്ക് ഷെയ്ൻ നിഗത്തെ വിളിച്ചു വരുത്തിയിരുന്നു.

അമ്മ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിലാണ് നിർമ്മാതാക്കൾക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സന്നദ്ധത ഷെയ്ൻ നിഗം അറിയിച്ചത്. ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ പ്രശ്നം നല്ല രീതിയിൽ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ്‌യോഗത്തിന്‌ ശേഷം മോഹൻലാൽ പ്രതികരിച്ചു. വിഷയത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് അമ്മ സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. നിർമാതാക്കളുടെ സംഘടനയുമായി നാളെ തന്നെ ചർച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ൻ നിഗവും സമ്മതിച്ചു.

അമ്മ യോഗത്തിനിടെ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വവുമായി ഫോണിൽ സംസാരിച്ചു. അമ്മ എക്സിക്യൂട്ടീവ്‌യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു നിർമ്മാതാക്കളുമായി ഫോണിലൂടെയുള്ള ചർച്ച. ഷെയ്ൻ നിഗം 32 ലക്ഷം നഷ്‌ടപരിഹാരമായി നൽകുമെന്ന് അമ്മ നേതൃത്വം നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചു. നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്നിന്റെ വിലക്ക് നീക്കാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ അമ്മ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ഈ ധാരണയോട് ഷെയ്ൻ നിഗവും യോജിച്ചതോടെയാണ് നാല് മാസത്തോളം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്.