shane-nigam

കൊച്ചി: ഷെയിൻ നിഗം- നിർമ്മാതാക്കൾ തർക്കം ഒത്തുതീർപ്പിലേക്ക്. വെയിൽ, കുർബാനി സിനിമകളുടെ നഷ്ടപരിഹാരം നൽകാൻ നടൻ സമ്മതിച്ചതോടെയാണ് പ്രശ്നം ഒത്തുതീരുന്നതിലേക്ക് എത്തിച്ചത്. ഇന്നലെ കൊച്ചിയിൽ ചേർന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിനിടെയാണ് നടനുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയത്. രണ്ടുസിനിമകൾക്കും ഒരുകോടി രൂപ നഷ്ടപരിഹാരത്തുക നൽകാതെ നടനെതിരെയുള്ള വിലക്ക് പിൻവലിക്കില്ലെന്ന് നിർമ്മാതാക്കൾ തറപ്പിച്ചു പറഞ്ഞതോടെ നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അമ്മ ഭാരവാഹികൾ. അമ്മയുടെ യോഗത്തിനിടെ നടന് നൽകാനാവുന്ന തുക പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ഫോണിൽ സംസാരിച്ച് ധാരണയിലെത്തിയതായാണ് വിവരം. അടുത്തദിവസം തന്നെ നിർമ്മാതാക്കളുമായി അമ്മ ഭാരവാഹികൾ നേരിട്ട് ചർച്ചനടത്തി പ്രശ്നം പരിഹരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. എത്ര തുക നൽകണമെന്നതും വെയിൽ, കുർബാനി ചിത്രങ്ങളുടെ ചിത്രീകരണം എപ്പോൾ ആരംഭിക്കാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അടുത്തദിവസത്തെ ചർച്ചയിൽ തീരുമാനിക്കാനാണ് സാദ്ധ്യത.

വെയിൽ സിനിമയുടെ ചിത്രീകരണത്തിനിടെ കുർബാനി സിനിമയ്ക്കായി നടൻ മുടിമുറിച്ചതുമായി ബന്ധപ്പെട്ടാണ് വെയിലിന്റെ നിർമ്മാതാവ് ജോബി ജോർജുമായി തർക്കം ഉടലെടുക്കുന്നത്. പിന്നീട് ഷൂട്ടിംഗ് സ്ഥലത്തുനിന്ന് ഇറങ്ങിപ്പോയ നടനെതിരെ നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തി. ഷെയിൻ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രങ്ങൾ ചിത്രീകരണം നിറുത്തിവെച്ചു. പ്രതിഫലത്തർക്കത്തെ തുടർന്ന് ഷെയിൻ പാതിവഴിയിൽ നിറുത്തിയ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന ആവശ്യവും നിർമ്മാതാക്കൾ മുന്നോട്ടുവച്ചിരുന്നു. തർക്കം രൂക്ഷമായതോടെ താരസംഘടന അമ്മ ഇടപെട്ടു. ഒടുവിൽ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടൻ ജനുവരിയിൽ പൂർത്തിയാക്കി നൽകിയിരുന്നു. എന്നിട്ടും വിലക്ക് മാറ്റിയിരുന്നില്ല. അതുകൊണ്ടാണ് ഇന്നലെ ചേർന്ന അമ്മയുടെ യോഗത്തിലേക്ക് ഷെയിനിനെ വിളിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചത്.

''നഷ്ടപരിഹാരം നൽകാതെ പ്രശ്നം പരിഹരിക്കാനാവില്ല എന്ന് ഉറപ്പായതോടെയാണ് തുക നൽകാൻ തീരുമാനിച്ചത്. ഒരു നിശ്ചിത തുക നൽകും. അത് അവർ എങ്ങനെ വേണമെങ്കിലും വീതം വയ്ക്കട്ടെയെന്നാണ് തീരുമാനം.''

ഇടവേള ബാബു

ജനറൽ സെക്രട്ടറി

അമ്മ താരസംഘടന