പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷവിമർശവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. പ്രളയദുരിതാശ്വാസകാലത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരസഹായമായ പതിനായിരം രൂപ ലഭിക്കാത്തതിൽ മനംനൊന്ത് വയനാട് സ്വദേശിയായ സനൽ ആത്മഹത്യ ചെയ്‌താണെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരായുള്ള കേന്ദ്രമന്ത്രിയുടെ വിമർശം. ഇത് കേരളമാണ് എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഉള്ളു പൊള്ളയായ വാഗ്ദാനക്കൂമ്പാരത്തിന്റെ യാഥാർത്ഥ്യം ജനം തിരിച്ചറിയുകയാണെന്ന് ഫേസ്ബുക്കിൽ മുരളീധരൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത വയനാട് മേപ്പാടി തൃക്കൈപ്പറ്റയിൽ നിന്ന് ഇന്ന് കേട്ടു. പള്ളിക്കവല മൂഞ്ഞനാലിൽ സനലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ അടിയന്തര ധനസഹായം പോലും ലഭിച്ചിരുന്നില്ലെന്നും, ഇതിൽ മനംനൊന്താണ് യുവാവ് മരിച്ചതെന്നും കുടുംബം ആരോപിച്ചത് വെറുതെയല്ല.തഹസിൽദാർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ, 'അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതികത്വം കാരണം പാസായ ധനസഹായം സനലിന് കൈമാറാൻ കഴിഞ്ഞില്ല'
ദാഹിക്കമ്പോഴാണ് വെള്ളം കൊടക്കേണ്ടത്, അല്ലാതെ മരിച്ചിട്ടല്ല എന്ന വാചകമാണ് എനിക്കും ശ്രീ. പിണറായി വിജയനോട് പറയാനുള്ളത്. ലൈഫ് പദ്ധതിയിൽ നിങ്ങൾ കഴിഞ്ഞ ദിവസം അവകാശപ്പെട്ട രണ്ടു ലക്ഷം പുഞ്ചിരിയുടെയും ശോഭ കെടുത്തുകയാണ് സനലിന്റെ കുടുംബത്തിന്റെ കണ്ണീർ. പ്രളയ സഹായം അർഹരിലെത്തിക്കാതെ സ്വന്തം അക്കൗണ്ടിലെത്തിച്ച ഭാരവാഹിയെ സിപിഎം അംഗത്വത്തിൽ നിന്ന് പുറത്താക്കിയത് അധിക ദിവസം മുമ്പല്ല. ഇത് കേരളമാണ് എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഉള്ളു പൊള്ളയായ വാഗ്ദാനക്കൂമ്പാരത്തിന്റെ യാഥാർത്ഥ്യം ജനം തിരിച്ചറിയുകയാണ്. തീരാനഷ്ടം, പാവപ്പെട്ട ആ കുടുംബത്തിനാണ്. സനലിന്റെ ജീവനെടുത്തവർ സഹായപ്പെരുമഴയുമായി ഓടിക്കൂടുകയാണിപ്പോൾ.... ഇനിയെങ്കിലും പിണറായി സർക്കാർ പ്രഹസനമവസാനിപ്പിച്ച് പ്രവൃത്തിയിലേക്ക് കടക്കണം എന്നേ എനിക്ക് പറയാനുള്ളൂ .. ചുവപ്പുനാടക്കുരുക്കിൽ പൊലിഞ്ഞ സനിലിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കചേരുന്നു, ആദരാഞ്ജലിയർപ്പിക്കുന്നു'.