മനാമ: കൊറോണ വൈറസിനെ രാജ്യം അതിജീവിക്കുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ആൽ ഖലീഫ. കഴിഞ്ഞ കാലങ്ങളിൽ രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ട ചരിത്രമാണ് നമുക്കുള്ളത്. കോവിഡ് വൈറസിനെയും നാം നേരിടുകയും അതിജയിക്കുകയും ചെയ്യും. ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. രാജാവ് പറഞ്ഞു.
കൃത്യമായും ചിട്ടയായുമുള്ള പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് കൊറോണയെ അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിസഭയിൽ ബന്ധപ്പെട്ടവർ വിശദീകരിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാന് ബിൻ ഹമദ് ആൽ ഖലീഫയുടെ കീഴിൽ രൂപവത്കരിച്ച പ്രത്യേക ടീം കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ നടത്തിയ മുന്നേറ്റത്തെ ഹമദ് രാജാവ് അഭിനന്ദിച്ചു.
വിവിധ മന്ത്രാലയങ്ങൾ, അതോറിറ്റികൾ, പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങൾ, പൊതുജനങ്ങൾ, കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ പ്രതീക്ഷയുണർത്തുന്നതാണ്. മാന്യമായ സംസ്കാരമാണ് രാജ്യത്തെ ഓരോ പൗരന്മാരും കാത്തുസൂക്ഷിക്കുന്നത്. ബഹ്റൈനിന്റെ മഹിതമായ പാരമ്പര്യം ഒറ്റ കുടുംബംപോലെ സ്നേഹത്തോടെയും സാഹോദര്യത്തോടെയും വർത്തിക്കുകയെന്നതാണ്. കഴിഞ്ഞ കാലങ്ങളിൽ രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ട ചരിത്രമാണ് നമുക്കുള്ളത്. അദ്ദേഹം ചൂണ്ടിക്കാട്ടി.