കൊല്ലം: ദേവനന്ദയുടെ ദുരൂഹമരണം സംഭവിച്ചിട്ട് ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. സ്വാഭാവികമായ മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളതെങ്കിലും നാട്ടുകാരും ബന്ധുക്കളും അത് പാടെ തള്ളിക്കളയുന്നു. അടുത്ത വീട്ടിൽ പോകാൻ പോലും അനുവാദം ചോദിക്കുന്ന കുട്ടി ഒറ്റയ്ക്ക് അത്രയും ദൂരെ പോകില്ലെന്ന് ദേവനന്ദയുടെ മാതാപിതാക്കൾ ആവർത്തിച്ച് പറയുന്നു.

devananda

എന്താണ് അന്ന് സംഭവിച്ചത്? മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടോ? മുറ്റത്ത് ഇറങ്ങുമ്പോൾ പോലും ചെരുപ്പ് ധരിക്കുന്ന ദേവനന്ദ അത്രയും ദൂരെ പോയപ്പോൾ എന്തുകൊണ്ട് ചെരുപ്പ് ധരിച്ചില്ല? ഇത്രയും വിജനമായ സ്ഥലത്തുകൂടി ഒരു ഏഴുവയസുകാരിക്ക് മിനിറ്റുകൾക്കുള്ളിൽ അത്രയും ദൂരം നടന്നു പോകാൻ പറ്റുമോ?എന്നിങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ നിലനിൽക്കുകയാണ്.

പൊലീസിന്റെ ട്രാക്കർ ഡോഗ് റീന മണം പിടിച്ച് പാഞ്ഞ വഴികളും സംശയം വർദ്ധിപ്പിക്കുകയാണ്. നായ ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആൾ താമസമില്ലാത്തതിനാൽ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നിൽ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. പിന്നീട് നേരെ പാഞ്ഞത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക്. അവിടെ നിന്ന് മാറാൻ കൂട്ടാക്കാതെ നിന്ന റീനയ്‌ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാൻ നൽകി. സമീപത്തെ ക്ഷേത്രത്തിൽ സപ്‌താഹം നടക്കുന്നതിനാൽ അവിടേക്ക് പോകാൻ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിലാണ്. പൊലീസ് നായ അന്ന് പോയ വഴിയിലൂടെ കേരള കൗമുദി ടിവി നടത്തിയ യാത്ര