devananda

ഇടുക്കി: ദേവനന്ദ എന്ന പേര് മലയാളികൾക്ക് ഒന്നടങ്കം ഒരു നോവായി മാറിയിരിക്കുകയാണ്. കഴിഞ്ഞാഴ്ചയാണ് കൊല്ലത്ത് ഏഴുവയസുകാരിയായ ദേവനന്ദയെ ഇത്തിക്കരയാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അതിന്റെ വേദന മാറും മുമ്പ് കഴിഞ്ഞ ഞായറാഴ്ച ഇടുക്കിയിൽ മറ്റൊരു ദേവനന്ദയ്ക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. കാറപടകടത്തിലാണ് ഏഴാം ക്ലാസുകാരിയായ ദേവനന്ദ മരിച്ചത്.

വണ്ണപ്പുറം ബ്ലാത്തിക്കവല പാലക്കാട്ട് സുനിൽ- രഞ്ജു ദമ്പതിമാരുടെ മകളാണ് ദേവനന്ദ. ജന്മനാ ഹൃദയവാൽവുകൾക്ക് തകരാറുണ്ടായിരുന്ന കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ട് മൂന്ന് മാസമായിട്ടേയുള്ളു. കൂലിപ്പണിക്കാരനായ സുനിൽ ആകെയുണ്ടായിരുന്ന സ്ഥലം വിറ്റ് കിട്ടിയ ഇരുപത് ലക്ഷത്തോളം രൂപ കൊണ്ടാണ് മകളെ ചികിത്സിച്ചത്. എന്നാൽ വീണ്ടും കാറപകടത്തിന്റെ രൂപത്തിൽ കുട്ടിയെ മരണം കവർന്നു.

ദേവനന്ദയുടെ വീടിന് സമീപത്ത് താമസിക്കുന്ന വല്യമ്മയുടെ വീട്ടിൽ പോയി സഹോദരിയോടെപ്പം തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ കുട്ടിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ കോലഞ്ചേരി മെഡിക്കൽ കോളജിലേയ്ക്ക് മറ്റിയെങ്കിലും മരണമടഞ്ഞു.