വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സഹോദരിമാരിൽ ഇളയപെൺകുട്ടി സംശയങ്ങൾ ശേഷിച്ച് യാത്രയായിട്ട് മാർച്ച് നാലിന് മൂന്ന് വർഷം തികയുന്നു. ഇന്നും പെൺകുട്ടികളുടെ അമ്മയുടെ കണ്ണുനീർ തോർന്നിട്ടില്ല. സംഭവിച്ച കാര്യങ്ങൾ ആ അമ്മ ഉച്ചത്തിൽ വിളിച്ച് പറയുകയാണ് നീതി ലഭിക്കും എന്ന പ്രതീക്ഷയിൽ.
വെറും ഒൻപത് വയസ് പ്രായം, പക്ഷെ പൊലീസുൾപ്പടെയുള്ളവർ പറയുന്നത് അവൾ സ്വമനസാലെ ആത്മഹത്യ ചെയ്തെന്നാണ്. അതെങ്ങനെ വിശ്വസിക്കും..കുട്ടിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് അമ്മ തറപ്പിച്ച് പറയുന്നു. മൂത്തകുട്ടിയും മരിച്ചത് സമാനമായ സാഹചര്യത്തിലാണ്. സംശയങ്ങൾ ഏറെയാണ് അത് തുറന്ന് പറയാനും അമ്മ മടിക്കുന്നില്ല.
വാളയാർ സംഭവമെന്ന് കേട്ട് പ്രബുദ്ധ കേരളം തലതാഴ്‌ത്താൻ തുടങ്ങിയിട്ട് മൂന്ന് വർഷം, ഒരു അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ തോരായതായിട്ട് മൂന്നു വർഷം. സംഭത്തിൽ ഖേദിച്ച് തന്നെ വന്ന് കാണുന്നവരോട് അവർ പറയുന്നത് ഒന്ന് മാത്രം 'തന്റെ രണ്ട് കുട്ടികളുടെയും മരണം അന്വേഷണ ഉദ്യോഗസ്ഥൻ എങ്ങനെ സ്വന്തം ഇഷ്ടപ്രകാരമുള്ള ആത്മഹത്യയാക്കിയെന്നാണ്. തന്റെ ഒൻപത് വയസുള്ള മകൾ കസേര വലിച്ചിട്ട് ഉത്തരത്തിൽ കെട്ടിത്തൂങ്ങിയത്രേ. ഇതെങ്ങനെ വിശ്വസിക്കും."
തന്റെ മക്കളുടെത് ആത്മഹത്യയെന്ന് പ്രചരിപ്പിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ സോജനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണ് ആ അമ്മ. പൊലീസ് ഉദ്യോഗസ്ഥരുടെ ഭീഷണിപ്പെടുത്തുന്ന ഫോൺ വിളികൾ നിരന്തരം വരാറുണ്ടെന്നും അമ്മ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ സോജനെന്ന പേരിൽ ഒരു ഫോൺ തനിക്ക് അടുത്തിടെ വന്നിരുന്നതായി ആ അമ്മ പറയുന്നു. പക്ഷെ ഫോണിൽ സംസാരിച്ച വ്യക്തി ആരാണെന്ന് തീർച്ചയില്ലെന്നും അവർ വ്യക്തമാക്കി. എന്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളെ സർവ്വീസ് നിന്ന് പുറത്താക്കണമെന്ന് ഫോൺ വിളിച്ചയാൾ ചോദിച്ചപ്പോൾ എന്റെ കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ശാരീരികമായി ബന്ധപ്പെട്ടതെന്ന് പറയാൻ നിങ്ങൾക്ക് എന്താണ് അവകാശമെന്നായിരുന്നു അമ്മയുടെ മറുപടി. അതോടുകൂടി അയാൾ ഫോൺ കട്ട് ചെയ്തെന്നും അവർ കൂട്ടിച്ചേർത്തു.
ഇളയകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിന്റെ നീളം കണക്കാക്കി കൊലപാതകമാകാമെന്ന് പറയുന്നതായും പക്ഷെ കുഞ്ഞ് കസേരയെടുത്തിട്ട് ഉത്തരത്തിൽ കെട്ടിത്തൂങ്ങിയതാണെന്നും മുറി അലങ്കോലമാകാത്തത് ആത്മഹത്യയുടെ തെളിവാണെന്നും പൊലീസ് പറയുന്നത് ആരെ രക്ഷിക്കാനെന്ന് മാതാപിതാക്കൾ ചോദിക്കുന്നു.