cow

ന്യൂഡൽഹി: രാജ്യത്ത് 18 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗത്തെ വരുതിയിലാക്കാൻ ഗോമൂത്ര സത്ക്കാരം നടത്താനൊരുങ്ങി ഹിന്ദു മഹാസഭ. ചായ സത്‌കാരങ്ങൾ നടത്തുന്ന രീതിയിൽ ഗോമൂത്ര സത്‌കാരങ്ങൾ നടത്താൻ തീരുമാനിച്ചെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് പറഞ്ഞു. ഡൽഹിയിലെ ഹിന്ദു മഹാസഭവാനിലാണ് ആദ്യം പരിപാടി നടത്തുക.

'കൊറോണ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ചാണക കേക്ക്( ചാണക വറളി)​ ഉപയോഗിക്കുന്നതിലൂടെ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഗോമൂത്ര പാർട്ടിയിലൂടെ ഈ രോഗം എന്താണെന്നും,​ പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൊറോണയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങൾ ജനങ്ങളെ അറിയിക്കും'- മഹാരാജ് പറഞ്ഞു.

പരിപാടിയിൽ ജനങ്ങൾക്ക് ഗോമൂത്രം കുടിക്കാനായി പ്രത്യേക കൗണ്ടറുകളുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചാണക കേക്കും,​ ചാണകത്തിൽ നിന്നുണ്ടാക്കുന്ന അഗർബതിയും ഉണ്ടാകുമെന്നും മഹാരാജ് അറിയിച്ചു. ആദ്യം ഡൽഹിയിലാണ് ഗോമൂത്രം സൽക്കാരം നടത്തുന്നതെങ്കിലും പിന്നെ രാജ്യത്തുടനീളം പരിപാടി നടത്തും. വിവിധ ഗോശാലകളുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.