india

ന്യൂഡൽഹി: പാകിസ്ഥാനിലേക്കുള്ള ചെെനീസ് കപ്പലിൽ നിന്ന് ഇന്ത്യ പിടിച്ചെടുത്ത ഓട്ടോക്ലേവ്,​ ബാലിസ്റ്റിക് മിസെെലുകളും സാറ്റലെെറ്റ് വിക്ഷേപണ റോക്കറ്റുകളും നിർമിക്കുന്നതാണെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (ഡി.ആർ.ഡി.ഒ )വിദഗ്ധർ സ്ഥിരീകരിച്ചു. ഡായ് ക്വി ചിൻ എന്ന ചൈനീസ് കപ്പൽ, രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയതി കാൻഡ്ല തുറമുഖത്ത് ഇന്ത്യ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഖാസിം തുറമുഖത്തേയ്ക്കുള്ള മാർഗമദ്ധ്യേയാണ് കപ്പൽ ഇന്ത്യ പിടിച്ചെടുത്തത്.

വിശദാംശങ്ങൾ ഒപ്പിട്ട് വാങ്ങിയതിനുശേഷം കപ്പലിനെ കേന്ദ്രസർക്കാരിന്റെ ഉന്നത അധികൃതർ ഫെബ്രുവരി 20ന് പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തിരുന്നു. അന്ന് ഓട്ടോക്ലേവ് ഡ്രെയർ ആയാണ് അധികൃതർ തെറ്റായി പ്രസ്താവിച്ചിരുന്നത്. ഇത് ചെെനയും പാകിസ്ഥാനും തമ്മിലുള്ള ആണവ ബന്ധത്തെ കുറിച്ചാണ് തുറന്നുകാട്ടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഓട്ടോക്ലേവ് ആയുധ നിർമാണത്തിന് ഉപയോഗിക്കാമെന്ന് ഡി.ആർ.ഡി.​ഒയും സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരുമടക്കം അഭിപ്രായപ്പെടുന്നു. ഇക്കാര്യം കസ്റ്റംസ്,​ വിദേശകാര്യമന്ത്രാലയം,​ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. 1500 കിലോമീറ്ററിന് മുകളിലേക്കോ വളരെ ദെെർഘ്യമേറിയ മിസെെലുകളുടെ നിർമാണത്തിന് ഓട്ടോക്ലേവ് ഉപയോഗിക്കാം. ഒരു മോട്ടോർ ആയാണ് ഇത് പ്രവർത്തിക്കുന്നത്. 1500-2000 കി.മീ പരിധിയിൽ പാകിസ്ഥാൻ ഷഹീൻ 2 മിസെെലുകൾ ഉണ്ട്. ഇക്കഴിഞ്ഞ മേയിൽ പരീക്ഷണം നടത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറ‌ഞ്ഞു. കരയിൽനിന്ന് തൊടുക്കാവുന്ന മിസൈലിന് 1500 കിലോമീറ്റർദൂരത്തുള്ള ലക്ഷ്യം ഭേദിക്കാനാവുമെന്ന് പാക് സൈന്യം അവകാശപ്പെട്ടിരുന്നു.

ഇന്ത്യൻ നിയമപ്രകാരം (നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ നിരോധനം 2005)​ നിയമം ലംഘനം നടത്തിയാൽ അ‌ഞ്ച് വർഷം തടവ് ശിക്ഷയും പിഴയും കൂടാതെ ജീവപര്യന്തം വരെ ആകാം. ആണവ മിസെെൽ വിതരണ പ്ലാറ്റ് ഫോമുകൾ വികസിപ്പിക്കുന്നതിനായി പാകിസ്ഥാനെ ചെെനയും ഉത്തരകൊറിയയും സഹായിച്ചിരുന്നു. ഇസ്ലാമാബാദിന്റെ ന്യൂക്ലിയർ മിസെെൽ പ്രോഗ്രാം തദ്ദേശീയമല്ല.

ന്യൂക്ലിയേഴ്സ് സപ്ലയേഴ്സ് ഗ്രൂപ്പിലേക്ക്(എൻ.എസ്.ജി)​ പ്രവേശിക്കുന്നതിന് ചെെന ഇന്ത്യയെ തടയുന്നത് മറ്റൊന്നും കൊണ്ടല്ല,​ പാകിസ്ഥാൻ ഈ സൗകര്യം ലഭ്യമാക്കുന്നത് കൊണ്ട് മാത്രമാണ്. ഇന്ത്യ ഓട്ടോ ക്ലേവ് പിടിച്ചെടുത്തതോടെ ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളായ ഫ്രാൻസിനെയും അമേരിക്കയെയും ചെെന സമ്മർദ്ദത്തിലാക്കിയേക്കുമെന്ന് അധികൃതർ പറയുന്നു.