1. രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ത്യയില്‍ എത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ചാവ്ല ക്യാമ്പില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 21 ഇറ്റലിക്കാരില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി എയിംസില്‍ നടത്തിയ പരിശോധന ഫലം പോസിറ്റിവായി. ഇന്നലെ ആണ് ഇവരെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റിയത്. ഇതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിയതോടെ അടിയന്തര യോഗം ചേര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ അധ്യക്ഷതയില്‍ ആണ് യോഗം. കൊവിഡ് 19 സംബന്ധിച്ച് രാജ്യത്തെ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. നിലവില്‍ ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യമന്ത്രി അല്‍പ സമയത്തിന് അകം മാദ്ധ്യമങ്ങളെ കാണും.
2. അതേസമയം, ഇറ്റലിയില്‍ നിന്നുള്ള കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. ആഡംബര കപ്പലായ കോസ്റ്റ വികേ്ടാറിയ ആണ് കൊച്ചി തീരത്തുള്ളത്. 305 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 459 യാത്രക്കാര്‍ കൊച്ചിയില്‍ ഇറങ്ങി. എല്ലാ യാത്രക്കാരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കി. കപ്പല്‍ അടുത്തകാലത്ത് ഇറ്റലിയിലേക്ക് പോയിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ, യു.എ.ഇയില്‍ ആറ് പുതിയ കോറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലി, റഷ്യ, എന്നിവടങ്ങളിലെ രണ്ട് പേര്‍ക്ക് വീതവും ജര്‍മ്മനി, കൊളംബിയ എന്നീ രാജ്യങ്ങളിലെ ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഐസലോഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ആണ്. വൈറസ് ബാധയേറ്റ് ലോകത്ത് മരിച്ചവരുടെ എണ്ണം 3,135 ആയി. രോഗികളുടെ എണ്ണം 92,000 കടന്നു. ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണം ഉണ്ടായത് ഇറാനിലാണ്, 77 മരണം. ഇറ്റലിയില്‍ 52 പേരും സൗത്ത് കൊറിയയില്‍ 31 പേരും മരിച്ചു.
3. ചൈനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,943 ആയി ഉയര്‍ന്നു. അമേരിക്കയില്‍ മരണം ഒന്‍പത് ആയി. ഇറാനിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. അടുത്ത രണ്ടാഴ്ചക്കാലം രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ശക്തമായ മുന്‍കരുതല്‍ നടപടികളാണ് മിക്ക രാജ്യങ്ങളും കൈകൊള്ളുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ശുചിത്വ നടപടികള്‍ക്കും മറ്റുമായി മൂന്ന് ലക്ഷം സൈനികരുടെ സേവനം ആണ് ഇറാന്‍ പ്രയോജന പെടുത്തുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 54,000 തടവുകാരെ തല്‍ക്കാലം മോചിപ്പിക്കാനും ഇറാന്‍ തീരുമാനിച്ചു.
4. കൊല്ലം ഇളവൂരിലെ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കെ, പ്രതികരണവുമായി ദേവനന്ദയുടെ അച്ഛന്‍. കുട്ടി ഇതിന് മുന്‍പും ആരോടും പറയാതെ ഒറ്റയ്ക്ക് പോയിട്ടുണ്ട് എന്ന് വെളിപ്പെടുത്തല്‍. കാണാതാകുന്നതിന്റെ അന്നും കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നത് ആയി തൊട്ട് അടുത്തുള്ള കടയുടമയും പറഞ്ഞു. ദേവനന്ദ ഒറ്റയ്ക്ക് ഒരിക്കലും വീട് വിട്ട് പോയിട്ടില്ല എന്ന് ആയിരുന്നു വീട്ടുകാരും ബന്ധുക്കളും പറഞ്ഞിരുന്നത്. ഈ മൊഴിയാണ് ഇപ്പോള്‍ അച്ഛന്‍ മാറ്റി പറഞ്ഞിരിക്കുന്നത്
5. ദേവനന്ദയുടേത് മുങ്ങി മരണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു എങ്കിലും മരണം സംബന്ധിച്ച് ദുരൂഹത ഇപ്പോഴും നിലനില്‍ക്കുക ആണ്. സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ആയി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഇന്ന് എത്തിയേക്കും. ദേവനന്ദയുടെ ആന്തരീക അവയവങ്ങളില്‍ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം, മുങ്ങിമരിക്കാനുള്ള സാധ്യതകള്‍ എന്നിവയും ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും
6. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷി വിസ്താരം വിചാരണ കോടതിയില്‍ തുടരുന്നു. നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും അവധിക്ക് അപേക്ഷ നല്‍കി. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണം എന്നാണ് എം.എല്‍.എ കൂടിയായ മുകേഷ് ആവശ്യപ്പെട്ട് ഇരിക്കുന്നത്. കൊച്ചി സി.ബി.ഐ കോടതിയില്‍ ഗായിക റിമി ടോമിയെ വിസ്താരിക്കുക ആണ്.
7. നടന്‍ കുഞ്ചാക്കോ ബോബനോട് കഴിഞ്ഞ ദിവസം ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഇരുന്നെങ്കിലും എത്തിയിരുന്നില്ല. തുടര്‍ന്ന് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്നാണ് കുഞ്ചാക്കോ ബോബന്‍ അവധിക്ക് അപേക്ഷ നല്‍കിയത്. പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്. 136 സാക്ഷികള്‍ക്ക് ആണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.
8. അമേരിക്കന്‍ തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സൂപ്പര്‍ ട്യൂസ് ഡേയില്‍ നടന്ന 14 സംസ്ഥാനങ്ങളിലെ വോട്ടെടുപ്പില്‍ ജോ ബൈഡനും ബേണി സാന്‍ഡേഴ്സും തമ്മിലാണ് പ്രധാന മല്‍സരം. വിര്‍ജിനിയയും നോര്‍ത്ത് കരളൈനയും ബൈഡനും വെര്‍മണ്ട് സാന്‍ഡേഴ്സും നേടി. ഈ പോരാട്ടത്തില്‍ വിജയിക്കുന്ന ആള്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ നേരിടും.
9. ജോ ബൈഡന്‍, അടക്കം അഞ്ചു പേരാണ് ഇനി മത്സര രംഗത്തുള്ളത്. ഇതില്‍ ജോ ബൈഡന് തന്നെയാണ് മുന്‍തൂക്കം. കൊറോണ ബാധയെ തുടര്‍ന്ന് പോളിംഗിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അതേസമയം എതിര്‍ സ്ഥാനാര്‍ഥികളെ പരിഹസിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ഉറക്കം തൂങ്ങി ജോ ബൈഡന് ഏത് സ്ഥാനത്തിന് ആയാണ് മല്‍സരിക്കുന്നത് എന്ന് പോലും അറിയില്ലെന്ന് ട്രംപ് പരിഹസിച്ചു