ksrtc

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യൽ ബസ് സർവീസിനെ ചൊല്ലിയുണ്ടായ കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക് പിൻവലിച്ചു. സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചത്. നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയത്. കെ.എസ്.ആ‌ർ.ടി.സി സമരം പിന്‍വലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആദ്യം നീക്കിയിട്ട് മറ്റ് വാഹനങ്ങള്‍ പോയാല്‍ മതി എന്ന നിലപാടിലാണ് യാത്രക്കാര്‍.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡി.ടി.ഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സർവീസ് നിറുത്തിച്ചിരുന്നത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സ്വകാര്യബസ് സർവീസ് നടത്തിയത് കെ.എസ്.ആർ.ടി.സി. ജീവനക്കാർ തടഞ്ഞിരുന്നു. നാല് മണിക്കൂറോളമാണ് തലസ്ഥാന നഗരം നിശ്ചലമായത്.

ആറ്റുകാൽ ഉത്സവം ആരംഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി പ്രത്യേക സർവീസ് ആരംഭിച്ചിരുന്നു. രാവിലെ സർവീസ് നടത്താൻ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിനെ തടസപ്പെടുത്തി സ്വകാര്യ ബസ് സർവീസ് നടത്താൻ ശ്രമിച്ചു. ഇത് കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ ലോപ്പസിന്റ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സ്വകാര്യ ബസ് ജീവനക്കാരെ പിന്തുണച്ച് പൊലീസ് രംഗത്ത് എത്തിയതോടെ ഇവര്‍ തമ്മിലായി വാക്കേറ്റം. ഇതോടെ എ.ടി.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഴാൻ തുടങ്ങിയ പൊലീസുദ്യോ​ഗസ്ഥനെ തടയുക മാത്രമേ ഡി.ടി.ഒ ചെയ്തിട്ടുള്ളുവെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറഞ്ഞു.