ലണ്ടൻ: കൊറോണ ബാധിത രാജ്യങ്ങളിലേക്കുള്ള സർവീസിന് നിയന്ത്രണംവച്ച് വിമാനക്കമ്പനികൾ. ചൈന,ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസ് മിക്ക വിമാനക്കമ്പനികളും താത്ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ബ്രിട്ടീഷ് എയർവേസ്, എമിറേറ്റ്സ്, റയൺഎയർ, ഈസി ജെറ്റ് എന്നിങ്ങനെയുള്ള പ്രമുഖ വിമാനക്കമ്പനികളെല്ലാം അവരുടെ ഭൂരിഭാഗം സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്.
കൊറോണ ഭീതിമൂലം മലയാളികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾ യാത്ര റദ്ദാക്കിയത് വിമാനക്കമ്പനികളുടെ പ്രതിസന്ധി കൂട്ടി. ഈസ്റ്റർ, ഹോളിഡേ ടൂർ പോലുള്ള ആവശ്യങ്ങൾക്കായി ധാരാളംപേർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ ബുക്കിംഗ് നടത്തിയിട്ടുള്ളവരുടെയെല്ലാം യാത്ര അനിശ്ചിതത്വത്തിലാണ്. ഭീമമായ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
യാത്രക്കാരില്ലാതായതോടെ സർവീസ് നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. യാത്രക്കാരിൽ നിന്നും മറ്റും രോഗം പകരുമോ എന്ന പേടി ജീവനക്കാർക്കുമുണ്ട്. മിക്ക വിമാനക്കമ്പനികളും ജീവനക്കാർക്ക് അവധി നൽകി വീട്ടിലിരുത്തിയിരിക്കുകയാണ് ഇപ്പോൾ.