''പറയെടാ. എടോ പറയാൻ ഞങ്ങള് എന്തു ധൂർത്ത് നടത്തുന്നെന്നാ?"
പന്തളം സുശീലന്റെ മുഖം ചുവന്നു. കവിളുകൾ വിറച്ചു.
''ഒരു പീറ ചാനലിന്റെ റിപ്പോർട്ടർ എന്നു പറഞ്ഞ് എന്നെ വെരട്ടാൻ നോക്കല്ലേ... ഒരുപാട് മീഡിയക്കാരെ കണ്ടവനാ ഞാൻ."
''അതൊക്കെ ഞങ്ങൾക്ക് അറിയാം സാർ."
മറ്റൊരു റിപ്പോർട്ടറും പറഞ്ഞു.
''സാറ് ഒരിക്കൽ റോഡിലെ കുഴികൾ എണ്ണിനോക്കിയിട്ട് എൻജിനിയറെ വിളിച്ചു ശകാരിക്കുകയും പണിഷ്‌മെന്റ് ചെയ്യും എന്നൊക്കെ ഭീഷണിപ്പെടുത്തിയില്ലേ? എന്നിട്ടെന്തായി? ആ എൻജിനീയർ ഇപ്പോൾ പ്രമോഷനും നേടി ഇരിക്കുകയല്ലേ?"
മുഖമടച്ച് ഒരടി കിട്ടിയതുപോലെ പന്തളം സുശീലൻ വിളറി.
എസ്.പി കൃഷ്ണപ്രസാദ് മുന്നോട്ടു നീങ്ങി.
''നോ കമന്റ്‌സ്. ഇനി നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ അത് ഗസ്റ്റ് ഹൗസിൽ വച്ചാകാം."
''വേണ്ട പ്രസാദേ..." മന്ത്രി തടഞ്ഞു. ''ഇവന്മാര് ചോദിക്കട്ടെ... ങ്‌ഹാ.. ഞങ്ങള് നടത്തുന്ന ധൂർത്ത് എന്താണെന്നുകൂടി ഒന്നു പറഞ്ഞേടോ."
ആദ്യത്തെ റിപ്പോർട്ടർ മറുപടി നൽകി.
''ഖജനാവിൽ പണമില്ലെന്നു പറഞ്ഞിട്ട് മണിക്കൂറുകൾക്കുള്ളിൽ ക്വട്ടേഷൻ പോലും വിളിക്കാതെ മുന്തിയ കാറുകൾ വാങ്ങുന്നു... പിൻവാതിൽ വഴി സ്വന്തക്കാർക്കു നിയമനം നൽകുന്നു... വിരുന്നു സൽക്കാരം എന്നതിന്റെ പേരിൽ കോടികൾ ചിലവഴിക്കുന്നു... ഇതൊക്കെ മന്ത്രിമാർ സ്വന്തം പോക്കറ്റിൽ നിന്നെടുക്കുന്ന പണമല്ലല്ലോ സാർ? ഇവിടുത്തെ പാവപ്പെട്ടവന്റെ നികുതിപ്പണമല്ലേ? റിപ്പോർട്ടറുടെ ശബ്ദത്തിൽ രോഷം തിളച്ചു.
''പാവപ്പെട്ടവൻ ബാങ്കിൽ നിന്ന് ഒരു ലോണെടുത്താൽ ബാങ്കുകാർക്ക് നൂറു ന്യായങ്ങളാണ് ജപ്തി നടപടിയിലേക്കു പോകുവാൻ....ആയിരക്കണക്കിനു കോടി രൂപ വ്യാജ ചെക്കുപയോഗിച്ച് ആണുങ്ങൾ കൊള്ളയടിച്ചിരിക്കുന്നു? അങ്ങയുടെ സർക്കാരിന് എന്തുചെയ്യാൻ കഴിഞ്ഞു?"
മന്ത്രി കർച്ചീഫ് എടുത്ത് മുഖത്തെ വിയർപ്പു തുടച്ചു.
''അതൊക്കെ കേന്ദ്രം നോക്കേണ്ട കാര്യമാ. ഞങ്ങളല്ല."
''കേരളത്തിലെ ജനങ്ങളുടെ പണം പോയാൽ കേരള സർക്കാരിന് ഉത്തരവാദിത്വമില്ലേ സാർ?"
''അതൊക്കെ അതിന്റെ നിയമം അനുസരിച്ചു പൊയ്ക്കൊള്ളും."
മന്ത്രി കോപത്തോടെ മുഖം വെട്ടിച്ചു.
അപ്പോഴാണ് വല്ല വിധേനയും സിദ്ധാർത്ഥ് മന്ത്രിയുടെ മുന്നിലെത്തിയത്.
''സാർ."
''മ് എന്താ? താൻ ആരാ?"
''ഒരു ഓട്ടോ ഡ്രൈവറാണു സാർ.."
''തനിക്ക് എന്തുവേണം:?"
പന്തളം സുശീലന്റെ ശബ്ദത്തിൽ യാതൊരു മയവുമില്ല.
''സാർ.... " അവൻ പിറകിലേക്കു കൈ ചൂണ്ടി. ' ആ ആംബുലൻസിൽ എന്റെ അമ്മയാണ്. ക്രിട്ടിക്കലാണ്. പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകുവാൻ സഹായിക്കണം."
''ഞാനെന്താടോ ആംബുലൻസ് തലയിൽ ചുമന്നോണ്ടു വരണോ?"
മന്ത്രിയുടെ കവിളിൽ ഒന്നു പൊട്ടിക്കാനാണ് സിദ്ധാർത്ഥിന് ആദ്യം തോന്നിയത്.
എന്നാൽ അവൻ അതടക്കി.
''സാർ... അങ്ങ് അല്പമൊന്ന് നീങ്ങി നിന്നിട്ട് വാഹനം പോകാൻ ഒന്നു സഹകരിച്ചാൽ..."
സുശീലനു പെരുത്തുകയറി.
''ഞാനെന്താടോ തന്റെ പണിക്കാരനോ? സമയമില്ലാത്ത നേരത്ത് ഇവിടെ വന്ന ഞാൻ ട്രാഫിക് പോലീസിന്റെ പണി ചെയ്യണോ?"
മന്ത്രി പരിഹസിച്ചു.
സിദ്ധാർത്ഥിന്റെ കടപ്പല്ലു ഞെരിഞ്ഞു.
''സാർ... എന്റെ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ..."
''നീയെന്താടാ എന്നെ ഭീഷണിപ്പെടുത്തുകയാണോ?" പന്തളം സുശീലൻ എസ്.പിക്കു നേരെ തിരിഞ്ഞു. ''ഇവനെയൊക്കെ ഇങ്ങോട്ട് കടത്തിവിട്ടത് ആരാടോ?"
''സാർ..."
പെട്ടെന്ന് കൃഷ്ണപ്രസാദ് ഇടപെട്ടു. അയാൾ സിദ്ധാർത്ഥിനെ ബലമായി പിടിച്ച് പിന്നിൽ നിന്നിരുന്ന പോലീസുകാർക്കു കൈമാറി.
അവന്റെ ശബ്ദം മന്ത്രിയുടെ കാതുകളിൽ വന്നുവീണു.
''സാറേ... ഞങ്ങളെപ്പോലെയുള്ളവരുടെ വോട്ടുകൊണ്ടാ ഇപ്പഴിങ്ങനെ വന്നുനിന്ന് പ്രസംഗിക്കാൻ സാറ് പ്രാപ്തനായത്. മറക്കണ്ടാ."
മന്ത്രി അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.
സിദ്ധാർത്ഥിനെ പരിചയമുള്ള പോലീസുകാർ അവനെ ഉപദേശിച്ചു.
പോകുവാൻ കഴിയുമെന്നു തോന്നുന്നില്ലെടാ. നീ വേറെ റോഡു പിടിക്ക്."
വീണ്ടും സിദ്ധാർത്ഥ് ആംബുലൻസിനു നേർക്കോടി. എന്നാൽ അത് അനക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
അവൻ തിടുക്കത്തിൽ അമ്മയ്ക്കരുകിലെത്തി.
വേദന അസഹ്യമായതുപോലെ മഹിമാമണി പുളയുന്നു...
അവന്റെ കണ്ണിൽ നിന്ന് രണ്ട് ചുടുതുള്ളികൾ കവിളിലേക്കു വീണു. അത് കണ്ണീരല്ല, രക്തമാണെന്നു തോന്നി മറ്റുള്ളവർക്ക്.
''ആംബുലൻസ് പോലും കടത്തിവിടാത്ത ഇവനെയൊക്കെ പൊതുവഴിയിൽ നിർത്തി ചാട്ടകൊണ്ടടിക്കണം."
ആംബുലൻസ് ഡ്രൈവറുടെ രോഷം വാക്കുകളിലായി.
സുരേഷും ചാണ്ടിയും മാത്യുവും അസ്വസ്ഥതയോടെ പല്ലിറുമ്മി.
സിദ്ധാർത്ഥ് അമ്മയുടെ വിരലുകളിൽ കോർത്ത് പിടിച്ചുകൊണ്ടിരുന്നു. വേദനയ്ക്ക് ആശ്വാസമുണ്ടായതുപോലെ.
(തുടരും)