ഭക്ഷണം ദഹിക്കാൻ വിഷമമുണ്ടെന്ന് തോന്നിയാൽ ചൂടു വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെയും ഭക്ഷണത്തിന് അരമണിക്കൂർ മുമ്പും ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റിൽ ഗാസ്ട്രിക് ജ്യൂസ് ഉത്പാദിപ്പിക്കാനും സഹായിക്കും. ഭക്ഷണം കഴിക്കുമ്പോൾ ഒരു ക്രമം പാലിക്കുക. ആദ്യം ദഹിക്കാൻ എളുപ്പമുള്ള പഴം, ജ്യൂസ് പോലുളളവയും പിന്നീട് മാംസം പോലുള്ള കട്ടി ആഹാരങ്ങളും കഴിക്കുക. ഇത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ്. എല്ലായ്പ്പോഴും ഇരുന്ന് ആയാസരഹിതമായി ആഹാരം കഴിക്കുക. ഇരുന്ന് കഴിക്കുമ്പോൾ വയർ അയഞ്ഞ അവസ്ഥയിലായിരിക്കും ഇത് ദഹനത്തെ എളുപ്പമാക്കും. ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും എട്ടു മുതൽ പത്ത് ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും. കൊഴു്പടങ്ങിയ ഭക്ഷണങ്ങൾ ദഹനം താമസിപ്പിക്കും. പൊണ്ണത്തടിയും അമിത ശരീര ഭരവും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ ശ്രമിക്കുക.
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ദഹനത്തിന് നല്ലതാണ്. വ്യായാമം ശീലമാക്കുന്നത് ശരീരത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി ദഹന പ്രശ്ന ഉണ്ടാകാൻ മാനസിക സമ്മർദ്ദവും കാരണമാകാറുണ്ട്. അതുകൊണ്ട് സമ്മർദ്ദം കുറയ്ക്കുന്നതിന് ധ്യാനവും ശ്വസന വ്യായാമങ്ങളും ചെയ്യുന്നത് നല്ലതാണ്. ആവശ്യത്തിലധികം ആഹാരം കഴിക്കുന്നത് ദഹിക്കാതിരിക്കുന്നതിന് കാരണമാകും. അമിത ഭക്ഷണം ഒഴിവാക്കി ആവശ്യത്തിന് മാതം കഴിക്കുക. വൈകുന്നേരമാകുന്നതോടെ നമ്മുടെ ദഹന സംവിധാനത്തിന്റെ പ്രവർത്തനം സാവധാനമാകും. അതുകൊണ്ട് രാത്രി വൈകിയുള്ള ആഹാരം കഴിക്കൽ ഒഴിവാക്കുക.