ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്റെ കോൺഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാൻ ബി.ജെ.പി വീണ്ടും 'ഓപ്പറേഷൻ താമര' തുടങ്ങിയതായി റിപ്പോർട്ട്. പതിന്നാല് മാസം മുൻപ് അധികാരമേറ്റ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നേരത്തേ ശ്രമിച്ചിരുന്നു. അതേസമയം അട്ടിമറിനീക്കം ബി.ജെ.പി നിഷേധിച്ചു.
പുതിയ ഓപ്പറേഷനിൽ, കോൺഗ്രസിന്റെ നാല് പേർ ഉൾപ്പെടെ എട്ട് എം.എൽ.എ മാരെയാണ് ബി.ജെ.പി ചാക്കിട്ടത്.
230അംഗ നിയമസഭയിൽ കോൺഗ്രസിന് 115 സീറ്റും ബി. ജെ. പിക്ക് 108 സീറ്റുമാണുള്ളത്. എട്ട് എം. എൽ. എമാരെ പിടിച്ചാൽ ബി. ജെ. പിക്ക് 116 സീറ്റാകും. കേവലഭൂരിപക്ഷത്തിന് അതു മതി. ബി. ജെ. പിയുടെ നോട്ടം അതാണ്.
ബി. എസ്. പി 2, എസ്. പി 1, സ്വതന്ത്രർ 4 എന്നിവരുടെ പിന്തുണയോടെയാണ് കോൺഗ്രസ് ഭരിക്കുന്നത്. ഇവരിൽ ബി. എസ്. പി, സമാജ്‌വാദി അംഗങ്ങളും ഒരു സ്വതന്ത്രനും ബി. ജെ. പി വലയിലായിരുന്നു.
ചാക്കിട്ട എട്ട് എം. എൽ. എമാരെയും ബി. ജെ. പി ഭരിക്കുന്ന ഹരിയാനയിലെ പഞ്ചനഷത്ര ഹോട്ടലിലേക്ക് ചൊവ്വാഴ്ച മാറ്റിയിരുന്നു. എന്നാൽ ഇവരിൽ നാല് എം. എൽ. എമാരെ തങ്ങൾ തിരിച്ചു കൊണ്ടുവന്നതായി മദ്ധ്യപ്രദേശ് കോൺഗ്രസിന്റെ മാദ്ധ്യമ വിഭാഗം അദ്ധ്യക്ഷ ശോഭ ഓസ പറഞ്ഞു. കോൺഗ്രസിന്റെ മൂന്ന് പേരെയും ഒരു ബി.എസ്.പിയുടെ വനിതാ അംഗം രാംഭായിയെയുമാണ് തങ്ങൾ തിരിച്ചു കൊണ്ടുവന്നത്. മറ്റ് നാല് പേരെ ബി.ജെ.പി കർണാടകത്തിലേക്ക് മാറ്റിയെന്നും ഓസ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും മന്ത്രിമാരായ ജിതു പട്‌വാരിയും ജയ്‌വർദ്ധൻ സിംഗും (ദിഗ്‌വിജയ് സിംഗിന്റെ പുത്രൻ) കൂടിയാണ് ചൊവ്വാഴ്‌ച രാത്രി ഹരിയാനയിലെ ഹോട്ടലിൽ എത്തിയത്. മഫ്‌തിയിൽ കാവൽ നിന്ന പൊലീസ് ഇവരെ ആദ്യം അകത്തേക്ക് വിട്ടില്ല. എങ്കിലും നാല് എം.എൽ.എമാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഓസ പറഞ്ഞു. തുടർന്ന് ബുധനാഴ്‌ച പുലർച്ചെയാണ് മറ്റ് നാല് എം.എൽ.എമാരെ ബി.ജെ.പി ബംഗളൂരുവിലേക്ക് മാറ്റിയത്.
''എട്ട് എം.എൽ.എമാരെ പണം നൽകി വിലയ്‌ക്കെടുക്കാനായിരുന്നു ബി.ജെ.പിയുടെ ഗൂഢപദ്ധതി. ബി.ജെ.പിയുടെ മുൻ മന്ത്രിമാരായ നരോത്തം മിശ്ര, രാംപാൽ സിംഗ്, സഞ്ജയ് പഥക് എന്നിവർ ഹരിയാനയിലെ ഐ.ടി. സി ഗ്രാൻഡ് മനേസർ ഹോട്ടലിൽ പണവുമായി കാത്തിരിക്കുകയായിരുന്നു. ഹരിയാനയിൽ ബി.ജെ.പി സർക്കാരായതിനാൽ ഹോട്ടലിന്റെ ഗേറ്റിൽ ഞങ്ങളെ തടഞ്ഞു. രാംഭായിയെ തടഞ്ഞ ചില ബി.ജെ.പിക്കാർക്ക് അവർ അടികൊടുത്ത ശേഷം ഞങ്ങൾക്കൊപ്പം വരികയായിരുന്നു''
- ദിഗ്‌വിജയ് സിംഗ് ഡൽഹിയിൽ പറഞ്ഞത്