തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സമരത്തിനിടെ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ(60) ആണ് മരിച്ചത്. കിഴക്കേകോട്ടയിൽ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
മണിക്കൂറുകളായി സുരേന്ദ്രൻ ബസ് കാത്തുനിൽക്കുകയായിരുന്നു. നഗരത്തെ നിശ്ചലമാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം തൊട്ടുമുമ്പാണ് അവസാനിപ്പിക്കാന്‍ ധാരണയായത്. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യൽ ബസ് സർവീസിനെ ചൊല്ലിയായിരുന്നു കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക് ആരംഭിച്ചത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത ഡി.ടി.ഒയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിച്ചത്.
നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയത്. കെ.എസ്.ആർ.ടി.സി സമരം പിന്‍വലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആദ്യം നീക്കിയിട്ട് മറ്റ് വാഹനങ്ങള്‍ പോയാല്‍ മതി എന്ന നിലപാടിലായിരുന്നു യാത്രക്കാര്‍.