കേരളത്തിലെ ആദിവാസി സമൂഹത്തിനു തന്നെ അഭിമാനമാണിവൾ. ആദിവാസി കുട്ടികൾക്ക് പഠിച്ചു ജോലി നേടാം എന്ന് കാട്ടികൊടുത്തവൾ. ശുദ്ധ വായു നിറഞ്ഞ കാട്ടിൽ നിന്നും വിഷലിപ്തമായ നാട്ടിലേക്കിറങ്ങിയാൽ തന്നെ ശരീരം ഗുരുതരമായി പ്രതികരിക്കുന്ന സിക്കിൾ സെൽ അനിമിയ രോഗവും പേറുന്ന അട്ടപ്പാടി ഇരുള വിഭാഗത്തിലെ ആദിവാസി ഗോത്രക്കാരി. അട്ടപ്പാടിയുടെ മണ്ണിൽ നിന്നും കഴിവിന്റെ കനവ് വിളയിച്ചു ജീവിതം കെട്ടിപ്പടുത്തിയവൾ. പ്രതി സന്ധികളോടും സ്വതവേ തങ്ങളോടുള്ള വംശീയ വർഗ്ഗ വിവേചനത്തോടും പോരാടി ചെറുപ്പം മുതൽക്കേ വളർന്നു വന്നവൾ. കുഞ്ഞുനാൾ മുതൽക്കേ ഹോസ്റ്റൽ ജീവിതത്തെ ആശ്രയിക്കേണ്ടി വന്നവൾ. അതുകൊണ്ടു തന്നെ കഠിന പ്രയത്നം കൊണ്ട് പഠിച്ചിരുന്ന വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ഉയർന്നു കേട്ട വംശീയ , ചവിട്ടി നീക്കലുകളെ തൃണവൽഗണിച്ചു ബി ടെക്ക് ബിരുദം നേടി സമൂഹത്തിനും നാടിനും മാതൃകയായവൾ.

attappadi

അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ നിന്നും ഡയറി സയൻസിൽ ബി ടെക്ക് ബിരുദം നേടിയ ആദ്യ ആദിവാസി യുവതി. പിന്നീട് മിൽമയിൽ ടെക്ക്നികൽ സൂപ്രണ്ട് ആയി താല്കാലിക ജോലി. അതിനു ശേഷം പൂക്കോട് വെറ്റിനറി കോളേജിൽ താല്കാലിക അധ്യാപികയുടെ വേഷം. ഇവിടെയെല്ലാം ഒരു ആദിവാസി കുട്ടിയെന്ന ലേബൽ ആഭിമാനമായല്ല മറിച്ചു കൂടെയുള്ളവരുടെ പരിഹാസത്തിനു പാത്രമാകാൻ വിധിക്കപെട്ടവൾ. ഒടുവിൽ ഇതാദ്യമായി പി എസ് സി വഴി സംസ്ഥാന ക്ഷീര വികസന വകുപ്പിൽ സർക്കാർ ജോലിയും ലഭിച്ചു. അവിടെയും നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളും ഏറെ. പരിശീലനത്തിന് ശേഷം മഞ്ചേരിയിൽ നിന്നും ജന്മനാടായ അട്ടപ്പാടിയിൽ ക്ഷീര വികസന ഓഫീസർ അയി നിയമനം. കുട്ടിക്കാലം മുതൽക്കേ കണ്ടു വന്ന അട്ടപ്പാടിയിലെ ക്ഷീര കർഷകരും ക്ഷീര സൊസൈറ്റികളും തന്റെ പുതിയ ഉദ്യമത്തിന് പുതുജീവൻ നൽകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ സർക്കാർ ഉദ്യോഗസ്ഥ. അതും സിക്കിൽ സെൽ അനീമിയയെയും പ്രതിരോധിച്ചു കൊണ്ട്.

ശാന്താ മണി എന്ന ക്ഷീര വികസന ഉദ്യോഗസ്ഥ അട്ടപ്പാടിയയിൽ എത്തി ചുമതല ഏൽക്കുന്നതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്. അട്ടപ്പാടിയിലെ കോട്ടത്തറ ക്ഷീര സൊസൈറ്റിയിൽ 2013 ൽ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിൽ 7 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇക്കാര്യം ശാന്താ മണി ക്ഷീര വകുപ്പ് ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചു.ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന നിലക്ക് ഈ കുറവ് വന്ന തുക കോട്ടത്തറ സൊസൈറ്റി ഭാരവാഹികളിൽ നിന്നും ഈടാക്കുവാൻ സർക്കാരിനോട് ശുപാർശ ചെയ്തു.

ഇതിനു ശാന്താ മണിയും മൂന്നു മക്കളും ഭർത്താവ് ശശികുമാറും അടങ്ങുന്ന കുടുംബം നൽകേണ്ടി വന്ന വില കനത്തതായിരുന്നു. ഊരുവിലക്ക് എന്ന പ്രാകൃതമായ ശിക്ഷാ നടപടിയാണ് അട്ടപ്പാടിയിലെ ഒരു സംഘം രാഷ്ട്രീയ മേലാളന്മാർ ശാന്താ മണിക്കും കുടുംബത്തിനും വിധിച്ചത്. ശാന്താ മണിക്കും കുടുംബത്തിനും അട്ടപ്പാടിയിൽ ഒരിടത്തും വാടകക്ക് പോലും വീട് നൽകരുതെന്നും നിർദേശം നൽകി. സന്തമാനിയുടെ കുടുംബ വീടിരിക്കുന്ന ചാളയൂരിൽ പ്രവേശിക്കുന്നതിനു പോലും ഭീഷണിയുണ്ടായി. തൊട്ടു പിന്നാലെ ക്ഷീര വകുപ്പിലെ ചിലർ ഇടപെട്ടു ശാന്താ മണിയെ അട്ടപ്പാടിയിൽ നിന്നും ആലത്തൂരിലേക്കു സ്ഥലം മാറ്റുകയും ചെയ്തു. എന്തിനേറെ ശാന്താ മണിയുടെ ഇടതു പക്ഷ അനുഭാവിയായ 'അമ്മ ആദിവാസി ഗോത്രക്കാരിയായ രംഗമ്മാള് പോലും സ്വന്തം നാടായ ചാളയൂരിൽ ഭീതികൂടാതെ നടക്കാനാകാത്ത അവസ്ഥയിലാണ്. മകൾക്കുണ്ടായ ഊരുവിലക്ക് ദുര്യോഗത്തിൽ കണ്ണീർ വാർക്കുകയാണീ 'അമ്മ .


എല്ലാവരുടെയും , എന്തിനേറെ തന്റെ വകുപ്പിലെ മേലാളന്മാരുടെ പോലും മാറിയതോടെ സംതാമണിയുടെ മുന്നിൽ ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഊരുവിലക്ക് കാരണം അട്ടപ്പാടിയിൽ ഒരിടത്തും വീട് ലഭിച്ചില്ല. പല രാത്രികളിലും സുഹൃത്താക്കളുടെ കാറിൽ കിടന്നുറങ്ങി രാത്രി പകലക്കുകയായിരുന്നു ഈ കുടുംബം. ഗത്യന്തിരമല്ലാതെ ഒടുവിൽ ശാന്താ മണിയും കുടുംബവും അട്ടപ്പാടിയിൽ നിന്നും പലായനം ചെയ്തു. എന്തായാലും ശാന്താമണിക്കെതിരെയുള്ള ഊരുവിലക്കിൽ നാട്ടുകാരിൽ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. കടുത്ത ആദിവാസി മനുഷ്യാവകാശ ലംഘനമാണ് ശാന്താമണിയുടെ കാര്യത്തിൽ നടക്കുന്നതെന്ന നിലപാടിലാണ് അട്ടപ്പാടിയിലെ മനുഷ്യാവകാശ സംഘടനകളും.