ambala
ഹരിദാസ്

അമ്പലപ്പുഴ: മലേഷ്യയിലെ ബാർബർ ഷോപ്പിൽ ജോലി ചെയ്യവെ തൊഴിലുടമയുടെ ക്രൂര മർദ്ദനങ്ങൾക്കിരയായ ശേഷം ഇന്നലെ നാട്ടിലെത്തിയ ഹരിപ്പാട് പള്ളിപ്പാട് വാലേത്തുവീട്ടിൽ ഹരിദാസനെ (45) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹമാസകലം പൊള്ളിയതും തടികൊണ്ട് അടിച്ചതുമായ പാടുകളുണ്ട്. ഒരു ചെവിക്ക് കേൾവിശേഷിയില്ല. തലയ്ക്കു പിന്നിലും മർദ്ദിച്ചതിന്റെ മുറിവുകളുണ്ട്.

ക്വലാലംപൂരിൽ നിന്നു ചെന്നൈയിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ വിമാനത്തിലെത്തിയ ഹരിദാസൻ അവിടെ നിന്നു ലോക്കൽ ട്രെയിനിൽ കോയമ്പത്തൂരിലും തുടർന്ന് ഷൊർണൂരിലും എത്തി. അവിടെ നിന്ന് ബന്ധുക്കൾ വാഹനവുമായെത്തി കൂട്ടിക്കൊണ്ടുവന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മലേഷ്യയിൽ ഹരിദാസനെ മർദ്ദിച്ച തൊഴിലുടമ തമിഴ്നാട് സ്വദേശിയാണ്. വർഷങ്ങൾക്കു മുമ്പ് മലേഷ്യയിലെത്തിയ ഇയാൾ ഇപ്പോൾ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. കഴിഞ്ഞ ജനുവരി 28ന് രാത്രി ഒന്നിനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. 7 മാസത്തെ ശമ്പള കുടിശികയും വേതന വർദ്ധനയും ആവശ്യപ്പെട്ടതാണ് മർദ്ദിക്കാൻ കാരണമെന്ന് ഹരിദാസൻ പറഞ്ഞു. താൻ പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണം മോഷണത്തുകയാണെന്ന് ആരോപിച്ച് തടിക്കഷ്ണം ഉപയോഗിച്ച് ശരീരമാസകലം മർദ്ദിച്ചെന്ന് ഹരിദാസൻ പറയുന്നു.

അവശനായ ഹരിദാസനെ തുടർന്ന് സ്വർണക്കടയുടെ ഗോഡൗണിൽ എത്തിച്ചു. സ്വർണം ചൂടാക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു പ്ലെയർ ചൂടാക്കി ശരീരം പൊള്ളിച്ചു. പിന്നീട് ഗോഡൗണിൽ തന്നെയുള്ള ഒരു മുറിയിൽ പൂട്ടിയിട്ടു. രണ്ടു ദിവസം ഭക്ഷണം പോലും നൽകിയില്ല. തുടർന്ന് സ്വർണക്കടയിലെ ജീവനക്കാർ അല്പാല്പം ഭക്ഷണം നൽകി. ഒരാഴ്ചയായപ്പോൾ വ്രണം പഴുത്ത് ദുർഗന്ധം വമിക്കുന്നതു കണ്ട് ജീവനക്കാർ ഓയിന്റ്മെന്റും സ്പ്രേയും നൽകി. 26 ദിവസത്തോളം മുറിയിൽ അടച്ചിട്ടു. ഈ സമയങ്ങളിലെല്ലാം മുറിവുകൾ കാരണം കിടക്കാനോ, ഇരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു ഹരിദാസ്. തുടർന്ന് ഉടമയുടെ മറ്റൊരു കടയിലെത്തിച്ചു. ഇവിടെ വച്ചാണ്ചില സുഹൃത്തുക്കൾ ഹരിദാസന്റെ ചിത്രങ്ങൾ വീട്ടിലേക്ക് അയച്ചുകൊടുത്തത്. വിവരമറിഞ്ഞ ബന്ധുക്കൾ മലയാളി സമാജവുമായും നോർക്കയുമായും ബന്ധപ്പെട്ടതിനെത്തുടർന്ന് തൊഴിലുടമ ട്രെയിൻ, വിമാന ചെലവുകൾ നൽകി കയറ്റിവിടുകയായിരുന്നു. ഏജന്റായ തമിഴ്നാട് സ്വദേശിനി ടീന മുഖാന്തരമാണ് ഹരിദാസ് മൂന്നര വർഷം മുമ്പ് ജോലിക്കായി മലേഷ്യയിലെത്തിയത്. 30,000 രൂപ വേതനം ലഭിക്കുമെന്നായിരുന്നു ഏജന്റ് പറഞ്ഞിരുന്നത്. എന്നാൽ 16,500 രൂപ മാത്രമാണ് മാസം ലഭിച്ചതെന്ന് ഹരിദാസ് പറയുന്നു. ഹരിദാസന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.