devananda-

കൊല്ലം: ദേവനന്ദയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ ഒറ്റയ്ക്ക് 400 മീറ്ററോളം ദൂരം എങ്ങനെ പോയെന്ന ചോദ്യം ഉയർത്തുകയാണ് മാതാപിതാക്കളും ബന്ധുക്കളും. വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. കാണാതായ ദിവസം ദേവനന്ദ വീടിനുള്ളിൽ നിന്നപ്പോൾ അമ്മയുടെ ഷാൾ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോൾ ഷാൾ ഇല്ലായിരുന്നു. എന്നാൽ മൃതദേഹത്തിന് സമീപത്തുനിന്ന് ഷാൾ ലഭിക്കുകയും ചെയ്തു. ദേവനന്ദയുടെത് സാധാരണ മുങ്ങിമരണമാണെന്നാണു പൊലീസിന്റെ നിഗമനം എങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നു നാട്ടുകാരും ബന്ധുക്കളും സംശയിക്കുന്ന സാഹചര്യത്തിൽ മരണത്തെക്കുറിച്ചു പൊലീസ് വിശദമായി അന്വേഷിക്കും.

നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ (പൊന്നു -7) മൃതദേഹം ഇത്തിക്കരയാറ്റിലാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് 350 മീറ്റർ അകലെ വള്ളിച്ചെടികൾക്കിടയിൽ മുടി കുരുങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ആറ്റിൽ മൃതദേഹം കാണപ്പെട്ടത്. മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്‌ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് 70 മീറ്റർ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കൽപ്പടവുകൾ ഉള്ളത്.