ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസും തമ്മിലുള്ള തർക്കത്തെ തുടർന്ന് അറസ്‌റ്റിലായ കെ.എസ്.ആർ.ടി.സി ജീവനക്കാരെ വിട്ടയച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിക്കുകയും തലസ്ഥാനത്തെ ഗതാഗതം നിശ്‌ചലമാവുകയും ചെയ്‌തിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട അനിശ്‌ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് എ.ടി.ഒ. സാം ലോപ്പസ് ഉൾപ്പെടെ മൂന്നുപേരെ ജാമ്യത്തിൽ വിട്ടയച്ചത്. ജാമ്യം ലഭിച്ചവരുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ തിരുവനന്തപുരം നഗരത്തിലൂടെ പ്രകടനം നടത്തി.

എന്നാൽ ജീവനക്കാർക്ക് വിമർശവുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തെത്തി. മിന്നൽ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒത്തുതീർപ്പുചർച്ച നടന്നത് സർക്കാർ നിർദേശപ്രകാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യൽ ബസ് സർവീസിനെ ചൊല്ലി സ്വകാര്യബസും കെ.എസ്.ആർ.ടി.സി. ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. അനധികൃത സർവീസ് നടത്തിയെന്നാരോപിപിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ സ്വകാര്യബസ് തടഞ്ഞു. തുടർന്ന് ബസ് തടഞ്ഞ എ.ടി.ഒ.യെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.ടി.ഒ.യെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാലു മണിക്കൂറോളമാണ് നഗരം നിശ്ചലമാക്കി ജീവനക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്.

അതേസമയം, പൊലീസ് തങ്ങളെ മർദിച്ചിട്ടില്ലെന്ന് ജാമ്യത്തിലിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംഭവങ്ങൾക്കു പിന്നിൽ സ്വകാര്യബസ് ലോബിയാണെന്നും ഇവർ ആരോപിച്ചു. എന്നാൽ പൊലീസ് തങ്ങളെ മർദിച്ചുവെന്നാണ് നേരത്തെ ഇവർ ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ മൊഴി നൽകിയിരുന്നത്. ആശുപത്രിയിലും ഇപ്രകാരം തന്നെയാണ് മൊഴി കൊടുത്തിരിക്കുന്നത്.

അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ

കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സമരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി, ഡി.സി.പി, ആർ.ടി.ഒ എന്നിവരുമായി കളക്ടർ ചർച്ച നടത്തി. യാതൊരു കാരണവശാലും മിന്നൽ സമരങ്ങളോ, പൊതുനിരത്ത് കയ്യേറിയുള്ള സമരങ്ങളോ അനുവദിക്കില്ലെന്ന് കളക്‌ടർ പറഞ്ഞു. മുൻകൂട്ടി നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ സമരം നടത്താൻ അനുവദിക്കൂവെന്ന് കളക്‌ടർ വ്യക്തമാക്കി.

ഇന്നത്തെ കെ.എസ്.ആർ.ടി.സി സമരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തും. ആറ്റുകാൽ പൊങ്കാല അടുത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എന്തെങ്കിലും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർക്ക് കളക്‌ടർ നിർദേശം നൽകിയിട്ടുണ്ട്.