ഇന്നലെ പവന് കൂടിയത് ₹760, ഗ്രാമിന് ₹95
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കേരളത്തിൽ റെക്കാഡിൽ മുത്തമിട്ടു. പവന് ഇന്നലെ 760 രൂപ വർദ്ധിച്ച് വില 32,000 രൂപയായി. ഗ്രാമിന് 95 രൂപ ഉയർന്ന് വില 4,000 രൂപയിലെത്തി. കൊറോണ ഭീതിമൂലം ഓഹരികളുടെ ഇടിവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് വിലക്കയറ്റത്തിന് കാരണം.
ഓഹരികളിൽ നിന്ന് നിക്ഷേപം വൻതോതിൽ സ്വർണത്തിലേക്ക് ഒഴുകുകയാണ്. രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവ് ഏറിയതും വില കൂടാനിടയാക്കി. ന്യൂഡൽഹി വിപണിയിൽ പത്തുഗ്രാമിന് ഇന്നലെ 1,155 രൂപ വർദ്ധിച്ച് വില 44,383 രൂപയായി. ഇത്, റെക്കാഡാണ്. കഴിഞ്ഞവാരം ഔൺസിന് 1,600 ഡോളറിൽ താഴെയായിരുന്ന രാജ്യാന്തര വില ഇന്നലെ 1,638 ഡോളറായി.
ഇറക്കുമതി
കീഴോട്ട്
വിലക്കയറ്റം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി ഫെബ്രുവരിയിൽ 41 ശതമാനം ഇടിഞ്ഞ് 46 ടണ്ണിലൊതുങ്ങി. 2019 ഫെബ്രുവരിയിൽ ഇറക്കുമതി 77.64 ടണ്ണായിരുന്നു.