ന്യൂഡൽഹി: ഇന്ത്യയിൽ ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾ (ഡിജിറ്റൽ നാണയങ്ങൾ) നിരോധിച്ച് 2018 ഏപ്രിലിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലർ സുപ്രീം കോടതി റദ്ദാക്കി. ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് വ്യാപാരം ഉൾപ്പെടെയുള്ള നടപടികൾ ഇനി ഇന്ത്യയിലുമാകാമെന്ന് ജസ്‌റ്രിസ് റോഹിന്റൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കമ്പ്യൂട്ടർ കോഡുകൾ ഉപയോഗിച്ച് നിർമ്മിച്ച, സാങ്കല്‌പിക (വിർച്വൽ) നാണയങ്ങളാണിവ. ബിറ്റ്‌കോയിൻ പോലെയുള്ള സാങ്കല്‌പിക കറൻസികൾ സാമ്പത്തിക, നിയമ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഇവയെ നിയന്ത്രിക്കാനൊരു കേന്ദ്ര ബാങ്കില്ലെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് നിരോധിച്ചത്. ഹാക്കിംഗിലൂടെയും മറ്റും പണം നഷ്‌ടപ്പെടാനുള്ള സാദ്ധ്യതയും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഇന്റർനെറ്ര് ആൻഡ് മൊബൈൽ അസോസിയേഷൻ ഒഫ് ഇന്ത്യ (ഐ.എം.എ.ഐ) സമർപ്പിച്ച ഹർജിയാണ് റിസർവ് ബാങ്ക് പരിഗണിച്ചത്.
ബ്ളോക്ക് ചെയിൻ ഉൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയിലൂന്നിയാണ് ക്രിപ്‌റ്രോ കറൻസിയുടെ പ്രവർത്തനമെന്നും റിസർവ് ബാങ്കിന്റെ നിരോധനം മൂലം സ്‌റ്രാർട്ടപ്പുകൾ ഉൾപ്പെടെ ഒട്ടേറെ കമ്പനികൾ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് പിന്മാറിയെന്നും സർക്കുലർ ഭരണഘടനാ വിരുദ്ധമാണെന്നും അസോസിയേഷൻ കോടതിയിൽ വാദിച്ചു.
കേന്ദ്രവും കനിയണം
നിരോധനം നീങ്ങിയെങ്കിലും ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കാൻ കേന്ദ്രവും കനിയണം. നേരത്തേ കേന്ദ്രം നിയോഗിച്ച പാനൽ ക്രിപ്‌റ്റോ കറൻസി വേണ്ടെന്ന നിലപാടാണ് എടുത്തത്. ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കുന്നവർക്ക് 10 വർഷം വരെ തടവും പാനൽ ശുപാർശ ചെയ്‌തിരുന്നു. പാനലിന്റെ നിർദേശങ്ങളിന്മേൽ, സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര തീരുമാനം ഉടനുണ്ടായേക്കും.
ബിറ്ര് കോയിൻ
രാജാവ്
ലോകത്താകെ 1,300ഓളം വിർച്വൽ അഥവാ ക്രിപ്‌റ്റോ കറൻസികളുണ്ടെന്നാണ് കണക്ക്. കേന്ദ്രീകൃത കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിലൂടെ പ്രത്യേക അവധി വ്യാപാര എക്‌ചേഞ്ചുകൾ മുഖേനയാണ് ഇവയുടെ വ്യാപാരം. ക്രിപ്‌റ്റോ കറൻസി അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാൻ ഇവ ഉപയോഗിക്കാം. മൂല്യത്തിലും സ്വീകാര്യതയിലും മുന്നിൽ ബിറ്ര്‌കോയിനാണ്. 2017ൽ 1,000 ഡോളറായിരുന്ന ബിറ്ര്‌കോയിൻ വില, 2018ൽ 20,000 ഡോളറിലെത്തിയിരുന്നു.
വരുമോ ഇന്ത്യയുടെ
സ്വന്തം ' ലക്ഷ്‌മി"?
'ലക്ഷ്‌മി" എന്ന പേരിൽ സ്വന്തം ക്രിപ്‌റ്റോ കറൻസി പുറത്തിറക്കാൻ കേന്ദ്രം നേരത്തേ ആലോചിച്ചിരുന്നു. കറൻസി ആക്‌ട് ഭേദഗതി ചെയ്യേണ്ടതിനാലും റിസർവ് ബാങ്കിന്റെ എതിർപ്പുള്ളതിനാലും നീക്കം ഉപേക്ഷിക്കുകയായിരുന്നു. നിരോധനം നീങ്ങിയതോടെ, 'ലക്ഷ്‌മി" അവതരിക്കാനുള്ള സാദ്ധ്യത വിദൂരമല്ല.