കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷിയായ ഗായിക റിമി ടോമി, സിനിമ പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്‌സൺ പൊഡുത്താസ് എന്നിവരെ ഇന്നലെ വിചാരണക്കോടതി വിസ്തരിച്ചു. നടൻ കൂട‌ിയായ മുകേഷ് എം.എൽ.എ അവധി അപേക്ഷ നൽകി വിട്ടുനിന്നു. നേരത്തെ ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബനോട് മാർച്ച് ഒമ്പതിന് ഹാജരായി മൊഴി നൽകാൻ കോടതി നിർദ്ദേശിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, കാവ്യ മാധവന്റെ അമ്മ ശ്യാമള എന്നിവരെ ഇന്ന് കോടതി വിസ്തരിക്കും. 2017ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിന് എത്തിയ നടിയെ പ്രതികൾ ആക്രമിച്ചത്. നടൻ ദിലീപിന്റെ ക്വട്ടേഷനായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തിയ അന്വേഷണ സംഘം ദിലീപിനെയും കേസിൽ പ്രതിയാക്കുകയായിരുന്നു.