കാബൂൾ: താലിബാനും അമേരിക്കയും തമ്മിൽ സമാധാന കരാറിൽ ഒപ്പ് വെച്ച് ദിവസങ്ങൾക്കകം വീണ്ടും അശാന്തമായി അഫ്ഗാനിസ്ഥാൻ. കരാർ വ്യവസ്ഥകൾ ലംഘിച്ച് അഫ്ഗാൻ മേഖലകളിൽ താലിബാൻ ആക്രമണം ആരംഭിച്ചതോടെ താലിബാൻ കേന്ദ്രത്തിൽ അമേരിക്കയും പ്രത്യാക്രമണം അഴിച്ചുവിട്ടു.
ഹെൽമന്ദ് പ്രവിശ്യയിലെ 43 ചെക്ക് പോസ്റ്റുകളിൽ ചൊവ്വാഴ്‌ച താലിബാൻ ആക്രമണം നടത്തിയിരുന്നു. ഇന്നലെയും അവർ ആക്രമണം തുടർന്നതോടെ പ്രവിശ്യയിലെ താലിബാൻ കേന്ദ്രത്തിൽ അമേരിക്ക വ്യോമാക്രമണം നടത്തുകയായിരുന്നു.
അഫ്ഗാനിലെ പങ്കാളിയെ പ്രതിരോധിക്കേണ്ട ബാദ്ധ്യത തങ്ങൾക്കുണ്ടെന്നാണ് ആക്രമണത്തെക്കുറിച്ച് അമേരിക്കൻ സൈന്യത്തിന്റെ വക്താവ് പ്രതികരിച്ചത്. ആളപായമുണ്ടായതായോ ആക്രമണത്തിന്റെ വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
സംഘർഷം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനിയുമായി ഫോണിൽ സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം. തടവുകാരുടെ മോചനം സംബന്ധിച്ച് അഫ്ഗാൻ പ്രസിഡന്റുമായി സംസാരിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ ചുമതലപ്പെടുത്തുമെന്ന് ട്രംപ് ഉറപ്പ് നൽകിയതായി താലിബാൻ പ്രതികരിച്ചിരുന്നു. വളരെ നല്ല ചർച്ചയായിരുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം.
ശനിയാഴ്ചയാണ് ഖത്തറിൽ വച്ച് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചത്. 14 മാസത്തിനകം മുഴുവൻ വിദേശ സൈന്യവും അഫ്ഗാനിസ്ഥാൽ നിന്ന് പിൻവാങ്ങുമെന്നായിരുന്നു ധാരണ. മാർച്ച് 10 നകം തടവുകാരെ പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാൻ സർക്കാരുമായി ചർച്ച നടക്കുമെന്നും കരാറിലെ ധാരണയായിരുന്നു. എന്നാൽ, തടവുകാരെ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ഒരുറപ്പും തങ്ങൾ നൽകിയിട്ടില്ലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതോടെ താലിബാൻ സമാധാന കരാറിൽ നിന്ന് ഭാഗികമായി പിൻമാറുന്നതായി പ്രഖ്യാപിച്ചു. അഫ്ഗാൻ സൈന്യവുമായി പോരാട്ടം തുടരുമെന്നും വിദേശ സൈന്യത്തെ ആക്രമിക്കില്ലെന്നും താലിബാൻ പ്രഖ്യാപിച്ചു. ശേഷം പലയിടത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായി. എന്നാൽ, താലിബാൻ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.