nirmala-sitharaman

 ലയനത്തിന് കേന്ദ്ര കാബിനറ്ര് അനുമതി

ന്യൂഡൽഹി: പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കി മാറ്റാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന് കേന്ദ്ര കാബിനറ്രിന്റെ അനുമതി. കഴിഞ്ഞ ആഗസ്‌റ്രിലാണ് ധനമന്ത്രി നിർ‌മ്മല സീതാരാമൻ ലയനം പ്രഖ്യാപിച്ചത്. ഈ വ‌ർഷം ഏപ്രിൽ ഒന്നിന് ലയനം പ്രാബല്യത്തിൽ വരും.

ഇതുപ്രകാരം യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യയും ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കും. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലാണ് ലയിക്കുന്നത്. ഇതോടെ, പൊതുമേഖലയിലെ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. 2017ൽ എണ്ണം 27 ആയിരുന്നു.

എയർ ഇന്ത്യയെ

പ്രവാസികൾക്കും വാങ്ങാം!

എയർ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ പരിധി കേന്ദ്ര കാബിനറ്ര് 49 ശതമാനത്തിൽ നിന്നുയർത്തി 100 ശതമാനമാക്കി. പ്രവാസി ഇന്ത്യക്കാർക്കും ഇനി എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാം. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികൾ വിറ്റൊഴിയാനുള്ള നടപടികൾ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. മാർച്ച് 17 ആണ് താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി.