cm-

തിരുവനന്തപുരം : തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ മിന്നൽപണിമുടക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിനെതിരെ കർശനടപടിയെടുക്കാൻ പിണറായി വിജയൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനോട് നിർദ്ദേശിച്ചു. സമരത്തെതുടർന്ന് ജീവനക്കാർ റോഡിൽ ബസ് നിരത്തിയിട്ട് ഗതാഗതം തടസപ്പെടുത്തിയത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരെ വിമർശിച്ച് മന്ത്രി എ.കെ. ശശീന്ദ്രനും രംഗത്തെത്തിയിരിരുന്നു. മിന്നൽ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സി സമരത്തിനിടെ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ചിരുന്നു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ(60)​ ആണ് മരിച്ചത്. കിഴക്കേകോട്ടയിൽ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യൽ ബസ് സർവീസിനെ ചൊല്ലി സ്വകാര്യബസ് ജീവനക്കാരും കെ.എസ്.ആർ.ടി.സി. ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. അനധികൃത സർവീസ് നടത്തിയെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ സ്വകാര്യബസ് തടഞ്ഞു. തുടർന്ന് ബസ് തടഞ്ഞ എ.ടി.ഒ.യെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.ടി.ഒ.യെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാലു മണിക്കൂറോളമാണ് നഗരം നിശ്ചലമാക്കി ജീവനക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിക്കുകയും തലസ്ഥാനത്തെ ഗതാഗതം നിശ്‌ചലമാവുകയും ചെയ്‌തിരുന്നു.