തിരുവനന്തപുരം : പേരൂർക്കട വഴയിലയിൽ നിന്ന് ആറ്റുകാൽ ഭാഗത്തേക്ക് സർവീസ് നടത്തേണ്ട ക്രിസ്റ്റി എന്ന സ്വകാര്യബസ് ഒമ്പത് മണിക്ക് കിഴക്കേകോട്ട മരുതൂർക്കടവിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയുടെ സ്‌റ്റാൻഡിൽ പിടിച്ചത് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. സ്വകാര്യ ബസുകൾക്ക് മറ്റൊരു സ്ഥലം നിർദ്ദേശിച്ചിട്ടുള്ളപ്പോഴായിരുന്നു ഇത്. സ്വകാര്യബസിനെ എ.ടി.ഒയും സിറ്റി സ്റ്റേഷൻ മാസ്‌റ്റർ സി.എസ്.അനിൽകുമാർ,​ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്‌ടർ ശിവകുമാർ,​ ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവർ ചേർന്ന് തടഞ്ഞു. സ്വകാര്യബസ് ജീവനക്കാർ അവരോട് തട്ടിക്കയറി. 'ബസ് തടയാൻ നിങ്ങൾക്ക് എന്താണ് അധികാരമെന്നും അനധികൃതമായി സർവീസ് നടത്തിയെങ്കിൽ മോട്ടോർവാഹന വകുപ്പ് നടപടിയെടുക്കട്ടെയെന്നും ജീവനക്കാർ പറഞ്ഞു. വാക്കേറ്റത്തിനിടെ ഫോർട്ട് സി.ഐ ഷെറിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. യാത്രക്കാരുള്ള ബസ് തടയാൻ അധികാരമില്ലെന്നും ബസിനെ പോകാൻ അനുവദിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ പൊലീസും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമായി. പൊലീസുകാരിൽ ഒരാൾ എ.ടി.ഒ.യെ കഴുത്തിന് പിടിച്ചുതള്ളിയതോടെ ഉന്തും തള്ളുമുണ്ടായി. കെ.എസ്.ആർ.ടി.സി വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് പരാതി നൽകാൻ പോകാനായി ലോപ്പസും സംഘവും ഒരുങ്ങുന്നതിനിടെ ഒരു പൊലീസുകാരൻ എ.ടി.ഒയെയും അനിൽകുമാറിനെയും പിടിച്ചു തള്ളി. ഇതോടെ സംഘർഷമായി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ അനിൽകുമാർ ഇതിനിടെ അടിവയറ്റിൽ ചവിട്ടേറ്റ് നിലത്തുവീണു. ഇയാളെ ജീവനക്കാർ താങ്ങിയെടുത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ,​ സ്വകാര്യ ബസിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് ആരോപിച്ച് എ.ടി.ഒ,​ ഇൻസ‌്പെക്ടർ രാജേന്ദ്രൻ,​ ഡ്രൈവർ സന്തോഷ് എന്നിവരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. വിവരം അറിഞ്ഞ ഡ്രൈവർമാർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സിറ്റി ബസുകൾ പൊടുന്നനെ നിറുത്തി ബൈക്കുകളിലും മറ്റുമായി ഫോർട്ട് പൊലീസ് സ്‌റ്റേഷന് മുന്നിലെത്തി. വനിതാജീവനക്കാരടക്കം സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ഉദ്യോഗസ്ഥരെ മോചിപ്പിക്കാതെ ബസുകൾ ഓടിക്കില്ലെന്ന് അവർ വ്യക്തമാക്കി. തുടർന്ന് ഡി.സി.പി ആർ.കറുപ്പുസ്വാമിയും ട്രാഫിക് എ.സി സുൾഫിക്കറുമായി കെ.എസ്.ആർ.ടി.സി യൂണിയൻ നേതാക്കൾ ചർച്ച നടത്തിയാണ് ഉദ്യോഗസ്ഥരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിടാൻ ധാരണയായത്. വൈകിട്ട് 5.30ഓടെ ഇവരെ വിട്ടയച്ചു. പിന്നാലെ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു.