ksrtc-

തിരുവനന്തപുരം: കിഴക്കേക്കോട്ടയിൽ സ്വകാര്യബസ് ജീവനക്കാരുമായുള്ള തർക്കത്തെതുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ‌ക്കെതിരെ ആറുകേസുകൾ രജിസ്റ്റർ ചെയ്തു. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉൾപ്പെടെയാണ് കേസെടുത്തത്. സംഭവത്തിൽ ആർ.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു കെ..എസ്.ആർ.ടി.സി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഗാരേജിൽ കിടന്ന ബസുകൾ നിരത്തിൽ മാർഗതടസം സൃഷ്ടിക്കുന്ന വിധത്തിൽ ഡ്രൈവർമാർ അപകടകരമായി പാർക്കു ചെയ്തുവെന്ന് ആർ.ടി.ഒ ഗതാഗത മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മാർഗതടസം സൃഷ്ടിച്ച കെ.എസ്.ആ‌ർ.ടി.സി ഡ്രൈവർമാരുടെ പേരും അവരുടെ ലൈസൻസും സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട ഫോർട്ട് അസി. കമ്മിഷണർ, ട്രാഫിക് അസി. കമ്മിഷണർ എന്നിവർക്ക് ആർ.ടി.ഒ കത്തും നൽകി. മോട്ടോർവാഹന നിയമം 1988 സെക്ഷൻ 190 -എഫ് പ്രകാരം നടപടി സ്വീകരിക്കുന്നതിനാണിത്. കെ.എസ്.ആർ.ടി.സിക്കാരുമായി വാക്കുതർക്കത്തിന് കാരണമായ സ്വകാര്യ ബസ് സമയക്രമം തെറ്റിച്ചതായും കണ്ടെത്തി. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ എസ്.ആർ. ഷാജിയുടെ റിപ്പോർട്ടിൽ പറയുന്നു.

ബസുകളുടെ നിയമലംഘനം പരിശോധിക്കുന്നതിന് നിലവിലുള്ള സ്ക്വാഡിനു പുറമെ കിഴക്കേകോട്ട, ആറ്റുകാൽ കേന്ദ്രീകരിച്ച് മറ്റൊരു സ്ക്വഡ് കൂടി ഇന്നു മുതൽ നിരത്തിലുണ്ടാകും. വിശദമായ റിപ്പോർട്ട് നൽകുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധീപിനെ ചുമതലപ്പെടുത്തി.

വാഹനഗതാഗതം തടസപ്പെടുത്തിയത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പണിമുടക്കിനെതിരെ നടപടി വേണമെന്ന് പിണറായി വിജയൻ മന്ത്രിയോട് നേരത്തെ നിർദ്ദേശിച്ചിരുന്നു.