sylvia-brownne-

ചൈനയിൽ തുടക്കമിട്ട് ലോകരാജ്യങ്ങളിലേക്ക് ഭീതി പടർത്തി പടരുകയാണ് കൊറോണ അഥവാ കോവിഡ് 19 രോഗം. കൊറോണ ഭീതിയെത്തുടർന്ന് ഉംറ തീർത്ഥാടനം വരെ യു.എ.ഇ ഇന്ന് നിറുത്തി വച്ചിരുന്നു. കൊറോണ ഭീതിയിൽ ജപ്പാനിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് വരെ അനിശ്ചിതത്വത്തിലാണ്.

സോഷ്യൽ മീഡിയയിലും കൊറോണയെക്കുറിച്ച് വിവിധതരത്തിലുള്ള വാർത്തകളാണ് ഓരോ നിമിഷവും വന്നുകൊണ്ടുരിക്കുന്നത്..ഇതിൽ പലതും വ്യാജവാർത്തകളാണ്..സിൽവിയ ബ്രൗൺ എന്ന എഴുത്തുകാരിയുടെ "എൻഡ് ഓഫ് ഡേയ്സ് എന്ന പുസ്‌തകത്തിൽ കൊറോണയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു എന്ന സന്ദേശവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു,​ എന്നാൽ ഈ വാർത്തയെക്കുറിച്ചുള്ള സത്യാവസ്ഥഖ വെളിപ്പെടുത്തുകയാണ് റോജിൻ പൈനുംമൂട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ അടങ്ങിയ ഈ പുസ്തകത്തിൽ ഇങ്ങനെ ഒരു കാര്യം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിന്റെ കാരണവും അദ്ദേഹം തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൊറോണക്കാലത്തെ വ്യാജ സന്ദേശങ്ങൾ
ഒരു വൈറസ് കാരണം വല്ലാത്ത ഭീതിയിലാണ് ലോകം , ആദ്യപേര് കൊറോണ ഇപ്പോൾ അത് കോവിഡ് 19 എന്ന ഫ്രീക്കൻ പേരുമായി ലോകം മുഴുവൻ ഇങ്ങനെ കറങ്ങി നടക്കുന്നു .
ആരാന്റമ്മയ്ക്കു ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കും വിധമാണ് ഈ ഉത്കണഠകൾക്കിടയിൽ വ്യാജ വാർത്ത പടച്ചു വിടുന്നവരുടെ സംഭാവനകൾ, സോഷ്യൽ മീഡിയ യുഗത്തിൽ നിമിഷ നേരങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ വിരൽ തുമ്പിലൂടെ ഫോർവേഡ് ആയി ലോകം മുഴുവൻ കൊറോണ വൈറസിനേക്കാൾ വേഗത്തിൽ പടരുന്നത് .
അത്തരത്തിൽ ഒരു ഫോർവേഡ് കഴിഞ്ഞ ദിവസം എനിക്കും കിട്ടി , ഇന്ന് പലയിടത്തു നിന്നും അത് ലഭിച്ചത് കൊണ്ടാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതാൻ കാരണം, വ്യാജസന്ദേശമാണ് ഇതെന്ന് സഹപാഠികളോട് വരെ പറഞ്ഞിട്ടും അവരും വിശ്വസിക്കുന്നില്ല അത്രത്തോളമുണ്ട് സോഷ്യൽ മീഡിയയുടെ സ്വാധീനം , കൂടെ പഠിച്ചവരെക്കാൾ വിശ്വാസം ഇത്തരത്തിലുള്ള വ്യാജസന്ദേശ നിർമാതാക്കളെയാണ് .
സിൽവിയ ബ്രൗൺ എന്ന എഴുത്തുകാരിയുടെ തൂലികയിൽ പിറവി കൊണ്ട " ഏൻഡ് ഓഫ് ഡേയ്സ് " എന്ന പുസ്തകത്തിൽ കൊറോണയെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട് എന്നതാണ് ഈ വ്യാജ ഫോർവേഡിൽ പറയുന്നത് , ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ അടങ്ങിയ ഈ പുസ്തകത്തിൽ ഇങ്ങനെ ഒരു കാര്യം ഇല്ലേയില്ല, പ്രസ്തുത ഫോർവേഡിൽ പേജ് നമ്പർ 312 ലാണ് കൊറോണക്കാര്യം ഉള്ളത് എന്നാൽ ഈ പുസ്തകത്തിന് കേവലം 269 പേജുകൾ മാത്രം ഉള്ളൂ എന്നതാണ് രസകരമായ കാര്യം. അഥവാ ഇതിനെക്കുറിച്ച് കൂടുതൽ സിൽവിയ ബ്രൗണിനോട് ചോദിക്കാം എന്ന് കരുതിയാൽ അവിടെയും നാം പെട്ടു , 2013ൽ എഴുപത്തിയേഴാമത്തെ വയസിൽ സിൽവിയ ഇഹലോകവാസം വെടിഞ്ഞു. നാല്പതോളം പുസ്തകങ്ങൾ എഴുതിയ സിൽവിയയുടെ മിക്ക പുസ്തകങ്ങളും വില്പനയിൽ മുൻപന്തിയിൽ ആയിരുന്നു. Secrets and Mysteries of world, If you could see what I see, Insight, Psychic Children, The Two Marys, The Mystical life of Jesus എന്നിവ പ്രധാന കൃതികൾ .
The Montel Williams Show, Lary King Live എന്നീ പ്രശസ്ത ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയയായിരുന്നു സിൽവിയ.
2008 ജൂലൈയിൽ അമേരിക്കയിലെ പെൻഗിൻ ഗ്രൂപ്പിലെ ഡട്ടൺ ആണ് " ഏൻഡ് ഓഫ് ഡേയ്സ് " പുസ്തകം പ്രസിദ്ധീകരിച്ചത് .
പത്തു വര്ഷത്തിലേറെയായി ഈ പുസ്തകം എന്റെ വീട്ടിലെ ലൈബ്രറിയുടെ ഷെൽഫിൽ ഇടം പിടിച്ചിട്ടു വിവാദമായേക്കാവുന്ന പല വിഷയങ്ങൾ ഇതിൽ ഉണ്ടെങ്കിലും ഈ വൈറസിനെക്കുറിച്ചു ഒന്നും തന്നെ ഇതിൽ പ്രതിപാദിക്കുന്നില്ല.
ഫ്രാൻസിസ് മാർപാപ്പയെയും വെറുതെ വിട്ടില്ല ഈ വ്യാജസന്ദേശ മാഫിയ, ചുമയും ജലദോഷവും മൂലം പൊതുപരിപാടികൾ റദ്ദാക്കി വിശ്രമിക്കുന്ന അദ്ദേഹത്തിന് കൊറോണയാണെന്നു ഇവർ പറഞ്ഞുണ്ടാക്കി. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഇൽ മെസാജറോ പത്രത്തിൽ അദ്ദേഹത്തിന് കൊറോണ വൈറസ് ബാധയില്ലെന്നു പരിശോധനയിൽ തെളിഞ്ഞെന്ന് വാർത്ത വന്നതോടെ ഈ വ്യാജ വർത്തയ്ക്കും കടിഞ്ഞാണിടാൻ കഴിഞ്ഞു എന്നാൽ വത്തിക്കാൻ ഈ വാർത്തയോട് പ്രതികരിച്ചില്ല, അദ്ദേഹത്തിന് വൈറസ് ബാധയില്ലെന്നു മുൻപേ വത്തിക്കാൻ പറഞ്ഞിരുന്നു. റോമിൽ ഇപ്പോൾ നടക്കുന്ന നോമ്പുകാല ധ്യാനത്തിലും അദ്ദേഹം പങ്കെടുക്കുന്നില്ല.
വ്യാജവാർത്തകൾ പടരാതിരിക്കട്ടെ ഫോർവേഡുകൾ ലഭിച്ചാൽ തിടുക്കത്തിൽ മറ്റുള്ള ഗ്രൂപ്പിലേക്ക് അയക്കാതെ അതിന്റെ ആധികാരികത മനസിലാക്കാൻ ശ്രമിക്കുന്നത് ഇത്തരത്തിലുള്ള സന്ദേശങ്ങളുടെവ്യാപനം കുറയ്ക്കും.
കോവിഡ് 19 എന്ന വൈറസും വ്യാജസന്ദേശം എന്ന പകർച്ചവ്യാധിയും എത്രയും വേഗം ലോകത്തു നിന്ന് തുടച്ചു നീക്കപ്പെടുന്നതിനായി പ്രാർത്ഥിച്ചു കൊണ്ട്.

റോജിൻ പൈനുംമൂട്