sheela-actress

ഭാഗ്യജാതകം എന്ന ചിത്രത്തിനു വേണ്ടി മെലിഞ്ഞിരുന്ന തന്റെ തടി കൂട്ടാൻ അണിയറക്കാർ പഴം കഞ്ഞി കുടിപ്പിക്കുകയും വണ്ണം വയ്‌ക്കാനുള്ള ഇൻജക്ഷൻ എടുപ്പിക്കുകയും ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി നടി ഷീല. അക്കാലങ്ങളിൽ തമിഴ്, തെലുങ്ക് സിനിമകൾക്കായി ഇട്ട സെറ്റ് രാത്രിയിൽ ചെറിയൊരു തുക നൽകി വാടകയ്‌ക്ക് എടുത്താണ് മലയാള സിനിമകൾ ഷൂട്ടിംഗ് നിർവഹിച്ചിരുന്നതെന്ന് ഷീല പറയുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ നിത്യഹരിത നായികയുടെ വെളിപ്പെടുത്തൽ.

ഷീലയുടെ വാക്കുകൾ-

ഭാഗ്യജാതകത്തിൽ മെലിഞ്ഞിരുന്ന എന്റെ തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുമായിരുന്നു. മുട്ടയുടെ മഞ്ഞ മാത്രമെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിപ്പിക്കും. വണ്ണം കൂട്ടാനുള്ള ഇൻജക്ഷനും എടുത്തു. അന്ന് പകലും രാത്രിയും ഷൂട്ടിംഗ് ഉണ്ടാകും. രാവിലെ എട്ടു മുതൽ പത്തുവരെ ഒരെണ്ണം, രാത്രി പത്തു മുതൽ വെളുപ്പിന് രണ്ടു വരെ അടുത്തത്. രണ്ടു മുതൽ പത്തുവരെ മറ്റൊന്ന്. ഹിന്ദിയും തെലുങ്കും തമിഴും സിനിമകൾക്ക് ഇട്ട സെറ്റിൽ ചെറിയ ഫീസ് കൊടുത്താണ് രാത്രി മിക്ക മലയാള സിനിമകളും ഷൂട്ട് ചെയ‌്തിരുന്നത്.