പ്രമേഹം മൂർച്ഛിച്ച് കണ്ണുകളെ ബാധിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. രോഗം രണ്ടുതരമുണ്ട്. തീവ്രത കുറഞ്ഞ എൻ.പി.ഡി.ആർ ( നോൺ പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി ) ഉം സങ്കീർണമായ പി.ഡി.ആർ. ( പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി) ഉം. ആരംഭഘട്ടമായ എൻ.പി.ഡി.ആറിൽ രോഗം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്നു. പി.ഡി.ആർ ഘട്ടത്തിൽ റെറ്റിനയിൽ രക്തക്കുഴലുകൾ പൊട്ടി, രക്തസ്രാവമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. കാഴ്ച തീരെക്കുറയുകയോ നഷ്ടപ്പെടുകയോ ചെയ്തേക്കാം. പ്രാരംഭത്തിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചാൽ രോഗം മൂർച്ഛിക്കില്ല. ഇത്തരം രോഗികൾ വർഷത്തിൽ രണ്ടുതവണ നേത്രരോഗവിദഗ്ദ്ധനെ കാണണം. ഓർക്കുക, നിയന്ത്രണമില്ലാത്ത പ്രമേഹത്തിനൊപ്പം ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ളവരിൽ ഡയബറ്റിക് റെറ്റിനോപ്പതിക്ക് സാദ്ധ്യത പതിന്മടങ്ങാണ്.