പന്ത്രണ്ട് വർഷം മുൻപ് മുംബയ് താജ് ഹോട്ടലിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു. മേജർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ യുവ സൂപ്പർ താരം മഹേഷ് ബാബുവാണ്. സോണി പിക്ചേഴ്സുമായി ചേർന്ന് മഹേഷ് ബാബുവിന്റെ ഗട്ടമനേനി മഹേഷ്ബാബു എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന മേജർ ഒരേ സമയം തെലുങ്കിലും ചിത്രീകരിക്കുന്നുണ്ട്.
2008 നവംബർ 27ന്മുംബയിലെ താജ് ഹോട്ടലിൽ ഭീകരർ ബന്ദികളാക്കിയ പതിനാല് പേരെയാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള കമാൻഡോ സംഘം രക്ഷപ്പെടുത്തിയത്. ഇവർക്കൊപ്പം തന്റെ സംഘാംഗങ്ങളെയും രക്ഷപ്പെടുത്തിയ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഒടുവിൽ ഭീകരരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ സ്കൂൾ വിദ്യാഭ്യാസം ബംഗളൂരുവിലെ ഫ്രാങ്ക് ആന്റണി പബ്ളിക ്സ്കൂളിലായിരുന്നു. 1995-ൽ ആണ് സന്ദീപ് പൂനയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേരുന്നത്. പിന്നീട് ബീഹാർ റെജിമെന്റിലെ ഏഴാം ബറ്റാലിയനിലെ ലെഫ്റ്റനന്റായി. മരണാനന്തര ബഹുമതിയായി രാഷ്ട്രം മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന് അശോകചക്ര സമ്മാനിച്ചിരുന്നു. ശശികിരൺ ടിക്ക സംവിധാനം ചെയ്യുന്ന മേജറിൽ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വേഷമവതരിപ്പിക്കുന്നത് തെലുങ്കിലെ യുവതാരവും സംവിധായകനുമായ അദ്വിശേഷാണ്. ഗൂഢാചാരി എന്ന ചിത്രത്തിൽ അദ്വിയ്ക്കൊപ്പമഭിനയിച്ച ശോഭിത ദുലീപാലയാണ് നായിക.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ശോഭിത ദുൽഖറിന്റെ കുറുപ്പിലെയും മണിരത്നത്തിന്റെ പൊന്നിയിൻ ശെൽവനിലെയും നായികയാണ്. ഹിമാചലിൽ ചിത്രീകരണം പുരോഗമിക്കുന്ന മേജർ ഈ വർഷം തന്നെ തിയേറ്ററുകളിലെത്തും.