ബ്ളെസി - പൃഥ്വിരാജ് ടീമിന്റെ ആടു ജീവിതത്തിൽ വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും നിർണായക വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അപർണ നായികയായെത്തിയ ആദ്യ ചിത്രം ഒരു സെക്കന്റ് ക്ളാസ് യാത്രയിൽ വിനീത് ശ്രീനിവാസനായിരുന്നു നായകൻ. ഒരു മുത്തശ്ശിഗദ എന്ന ചിത്രത്തിലും വിനീതിന്റെ നായികയായിരുന്നു അപർണ. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച മഹേഷിന്റെ പ്രതികാരമാണ് അപർണയുടെ ശ്രദ്ധേയ ചിത്രം. സൺഡേ ഹോളിഡേ, ബിടെക്, കാമുകി എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. തമിഴിൽ സൂര്യയുടെ നായികയായി അഭിനയിച്ച സൂരരൈ പോട്ര് റിലീസിന് ഒരുങ്ങുകയാണ്.
ചെന്നൈയിൽ പ്രണവ് മോഹൻലാൽ , കല്യാണി ചിത്രം ഹൃദയത്തിന്റെ സംവിധാന ജോലിയിലാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. അതേസമയം ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂൾ മാർച്ച് 16 മുതൽ മേയ് 16 വരെ അൾജീരിയയിൽ നടക്കും. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനുവായി അമല പോൾ എത്തുന്നു.
ലെന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു താരങ്ങൾ. കെ. ജി. എ ഫിലിംസിന്റെ ബാനറിൽ ജെ. ജി അബ്രഹാമാണ് ആടു ജീവിതം നിർമ്മിക്കുന്നത്.