ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത കോറിയോഗ്രാഫർ ബൃന്ദാമാസ്റ്റർ (ബൃന്ദാ ഗോപാൽ) സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് 12ന് ചെന്നൈയിൽ തുടങ്ങും. ദുൽഖർ ആദ്യ ദിവസം മുതൽ ചിത്രത്തിലഭിനയിച്ച് തുടങ്ങും. ബൃന്ദാ മാസ്റ്റർ സംവിധായികയാകുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് സിറ്റി കൗമുദിയാണ്.
റിലയൻസ് എന്റർടെയ്ൻമെന്റ്സ ്നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും. കാജൽ അഗർവാളാണ് നായിക. ബൃന്ദാമാസ്റ്ററിന്റെ ചിത്രം പൂർത്തിയാക്കിയ ശേഷം ദുൽഖർ അഭിനയിക്കുന്നത് ബോബി സഞ്ജയിന്റെ രചനയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. മേയിൽ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിൽ പൊലീസ് വേഷമാണ് ദുൽഖറിന്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷൻ.