കോട്ടയം: തൃക്കൊടിത്താനം കോട്ടമുറി പുതുജീവൻ സൈക്യാട്രിക് ആശുപത്രി പ്രവർത്തിക്കുന്നത് സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലാതെയെന്ന് അഡീഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ അന്വേഷണ റിപ്പോർട്ട്. ആശുപത്രിയുടെ പ്രവർത്തനം പഴയ ലൈസൻസ് പ്രദർശിപ്പിച്ചെന്നാണ് കണ്ടെത്തൽ. മുപ്പത്തിമൂന്ന് മരണങ്ങളിൽ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. ആശുപത്രിക്കെതിരായ ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ ഇന്ന് തീരുമാനമുണ്ടാകും.
2016 മുതൽ 2021 വരെ പ്രവർത്തിക്കുന്നതിന് അതോറിറ്റി അനുമതി നൽകിയിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് 2019 ൽ അനുമതി റദ്ദാക്കിയിരുന്നു. ഇതുമറച്ചുവച്ച് പഴയ അനുമതിയുടെ പകർപ്പ് പ്രദർശിപ്പിച്ചാണ് പുതുജീവൻ സൈക്യാട്രിക് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അനിൽ ഉമ്മൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് റിപ്പോർട്ടിലുണ്ട്. മാലിന്യ സംസ്കരണത്തിന് സൗകര്യമില്ല, മലിനജലം കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അതേസമയം, എട്ട് വർഷത്തിനിടെ 33 പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി കളക്ടറുടെ നടപടി റിപ്പോർട്ട് തേടി. മാനസികാരോഗ്യ വിഷയം കൈകാര്യം ചെയ്യുന്ന സൈക്യാട്രിക് ആശുപത്രി ഡയറക്ടർ വി.സി.ജോസഫിനോട് തിങ്കളാഴ്ച തെളിവെടുപ്പിനു ഹാജരാകണമെന്ന് പായിപ്പാട് പഞ്ചായത്ത് നിർദേശം നൽകി. കെട്ടിട നിർമാണം ക്രമവൽക്കരണം സംബന്ധിച്ച് വി.സി. ജോസഫിന്റെ വാദം കേൾക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. ശുചിത്വ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നു.