naresh-goyal

ന്യൂഡൽഹി: ജെറ്റ് എയർവേയ്സ്​ ​ സ്ഥാപകൻ നരേഷ് ഗോയലി​ന്റെ മുംബയിലെ വസതിയിൽ എൻഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റിന്റെ റെയ്​ഡ്​. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടർന്നായിരുന്നു റെയ്​ഡ്​ നടന്നത്​. നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും 46 കോടി രൂപ തട്ടിയെടുത്തെന്ന ട്രാവല്‍ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി എൻഫോഴ്സ്മെന്റ്​ റെയ്ഡ്‌ നടത്തിയത്. പണംതട്ടിപ്പ് തടയാനുള്ള പി.എം.എല്‍.എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നരേഷ് ഗോയലിന്റേയും ജെറ്റ് എയര്‍വേയ്‌സിന്റേയും വിദേശനാണ്യ ചട്ടലംഘനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് മുംബയ് സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഗോയലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശ പണമിടപാട്​ നിയമങ്ങൾ ലംഘിച്ചതുൾപ്പെടെ കുറ്റങ്ങളിൽ നേരത്തെ ഗോയൽ, ഭാര്യ അനിത ഗോയൽ എന്നിവർക്കെതിരെ ​പരാതി ഉയർന്നിരുന്നു.

വിദേശനാണ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ സപ്തംബറില്‍ ഗോയലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എത്തിഹാദ് എയര്‍വേയ്‌സ് ജെറ്റ് എയര്‍വേയ്‌സില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതു സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍. എട്ടുമണിക്കൂറാണ് ഗോയലിനെ അന്ന് ഇഡി ചോദ്യം ചെയ്തത്.