ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പണിമുടക്കിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സമരക്കാർക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നലെ നടന്ന സമരത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും സമരക്കാർ കാണിച്ചത് മര്യാദയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. കർശന നടപടിയുണ്ടാകമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്നവരാണ് ഇത് കാണിച്ചത്. കെ.എസ്.ആർ.ടി.സി സമരം ജനങ്ങൾക്കെതിരായ യുദ്ധമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പണിമുടക്കിനിടയില്‍ കുഴഞ്ഞുവീണ മരിച്ച യാത്രക്കാരന്‍ സുരേന്ദ്രന്റെ(64) മൃതദേഹ പരിശോധന ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. സംഭവത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് ബുധനാഴ്ച കൈമാറും. മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടനെ വിഷയവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി ശശീന്ദ്രന്‍ അറിയിച്ചു.

സ്വകാര്യബസുമായുള്ള തർക്കത്തിൽ ഇടപെട്ട പൊലീസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ലോപ്പസിനെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടു പോവുകയും ചെയ്തതാണ് മിന്നൽ സമരത്തിന് കാരണമായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് ആറ്റുകാലിലേക്കുള്ള സ്വകാര്യബസ് കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിറുത്തി ആളെ കയറ്റിയത്. ഇത് കെ.എസ്. ആർ.ടി.സി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. സ്വകാര്യബസ് ജീവനക്കാർ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതോടെ സംഘർഷമായി. പ്രശ്നം തീർക്കാനെത്തിയ പൊലീസും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമായി. എ.ടി.ഒ ലോപ്പസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഫോർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി.

അദ്ദേഹത്തെ വിട്ടുകിട്ടാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ഇതാണ് മിന്നൽ പണിമുടക്കായത്. 11 മണിയോടെ സിറ്റി സർവീസും 12 മണിയോടെ സംസ്ഥാന സർവീസുകളും സ്തംഭിച്ചു. ബസുകളെല്ലാം വഴിയിൽ നിറുത്തി ജീവനക്കാർ സമരത്തിനിറങ്ങി. വൈകിട്ട് നാലുമണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ മദ്ധ്യസ്ഥതയിൽ യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ എ.ടി.ഒ.യെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ തീരുമാനിച്ചു. അതോടെയാണ് സമരം അവസാനിപ്പിച്ചത്.