nigraham-28

പിന്നെയും പത്തുമിനുട്ടോളമെടുത്തു പൊതുമരാമത്തു മന്ത്രി പന്തളം സുശീലൻ സ്റ്റേറ്റ് കാറിൽ കയറുവാൻ.

അയാൾക്കു പിന്നിലും മുന്നിലും പോലീസും ഒപ്പം മീഡിയാക്കാരും പാഞ്ഞു.

മറ്റുള്ള വാഹനങ്ങളെ വെട്ടിയൊഴിഞ്ഞ് ആംബുലൻസും കുതിച്ചു.

എങ്കിലും മന്ത്രിയുടെയും മറ്റും വാഹനത്തിന്റെ ഒപ്പമെത്താൻ പോലും കഴിഞ്ഞില്ല...

''അവിടെ ജെ.സി.ബികൊണ്ട് കുഴിയെടുത്തതാ പ്രശ്നമായത്. ഇത്രയും നാളായിട്ടും അവന്മാർക്ക് അറിയില്ലായിരുന്നു അവിടെ കലുങ്കു വേണമെന്ന്!"

വൈറസ് മാത്യു പറഞ്ഞു.

ആരും മറുപടി പറഞ്ഞില്ല.

മഹിമാമണി ഇപ്പോൾ നല്ല ഉറക്കത്തിലായതുപോലെ...

പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ. വൺ - വേ തെറ്റിച്ചുതന്നെ ആംബുലൻസ് പാഞ്ഞുവന്ന് ഹോസ്പിറ്റൽ മുറ്റത്തേക്കു വെട്ടിത്തിരിഞ്ഞു നിന്നു.

സ്റ്റാഫ് വരുന്നതിനു മുൻപുതന്നെ ചെമ്പല്ലി സുരേഷ് ഓടിപ്പോയി ഒരു സ്ട്രെച്ചർ തള്ളിക്കൊണ്ടുവന്നു.

മഹിമാമണിയെ അതിൽ കിടത്തി കാഷ്വാലിറ്റിയിലേക്ക്...

തിടുക്കത്തിൽ ഡ്യൂട്ടി ഡോക്ടർ അകത്തേക്കു പോയി.

പുറത്ത് സിദ്ധാർത്ഥ് അസ്വസ്ഥനായി. മന്ത്രിയുടെ പെരുമാറ്റം അവന്റെ മനസ്സിൽ രോഷമായ് പുളഞ്ഞുകൊണ്ടിരുന്നു...

അഞ്ചു മിനുട്ട്.

ഡോക്ടർ പുറത്തിറങ്ങി.

ആകാംക്ഷയോടെ സിദ്ധാർത്ഥും സുഹൃത്തുക്കളും അയാൾക്കരുകിലേക്ക് ഓടിച്ചെന്നു.

''ഡോക്ടർ..."

ഡോക്ടർ ഗ്ളൗസ് അണിഞ്ഞ കൈകൊണ്ട് മുഖത്തെ മാസ്ക് അല്പം താഴേക്കു നീക്കി.

''അയാം സോറി... ഒരു പതിനഞ്ചു മിനിട്ടെങ്കിലും മുൻപ് ഇവിടെ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രതീക്ഷയുണ്ടായിരുന്നു."

സിദ്ധാർത്ഥിന് ശബ്ദം നഷ്ടമായി.

അവൻ തളർച്ചയോടെ ഭിത്തിയിലേക്കു ചാരി.

ഡോക്ടർ അവിടെനിന്നു നടന്നുപോയത് സിദ്ധാർത്ഥ് കണ്ടില്ല...

തനിക്കു ചുറ്റും ഹോസ്പിറ്റൽ ബിൽഡിംഗ് കറങ്ങുന്നതു പോലെയോ... എല്ലാം അടർന്നു ശിരസ്സിലേക്കു പതിക്കുന്നതു പോലെയോ ഒക്കെ തോന്നുന്നു...

അമ്മ!

അവൻ കണ്ണുകൾ ഇറുക്കിയടച്ചു. വൈകി വീട്ടിൽ എത്തിയാലും തന്നെ നോക്കി വഴിക്കണ്ണുകളുമായി ഇരിക്കുമായിരുന്നു...

ഉരുളയ്ക്ക് ഉപ്പേരി എന്നവണ്ണം തന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയിരുന്നു.

സ്നേഹം ഉള്ളിലൊതുക്കി കൃത്രിമ ദേഷ്യത്തോടെ ശാസിച്ചിരുന്നു...

അല്പം മുൻപുവരെയും തനിക്കൊന്നുമില്ലെന്നു പറഞ്ഞ് തന്നെ ആശ്വസിപ്പിച്ചിരുന്നു.

ആ അമ്മ ഇപ്പോഴില്ല!

ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുവാൻ സിദ്ധാർത്ഥിനു കഴിയുന്നില്ല...

അവന്റെ മനസ്സ് കീഴ്‌മേൽ മറിഞ്ഞു. ഡോക്ടറുടെ ശബ്ദം കനൽക്കാറ്റായി കാതിലിരമ്പി... പതിനഞ്ചു മിനിട്ടെങ്കിലും മുമ്പ്!

അയാളൊന്നു മനസ്സു വച്ചിരുന്നെങ്കിൽ.. അല്ലെങ്കിൽ ജെ.സി.ബിക്കാരൻ നടുറോഡ് കുത്തിക്കുഴിക്കാതിരുന്നെങ്കിൽ..."

വാക്കുകൾ സിദ്ധാർത്ഥിന്റെ തൊണ്ടയിൽ വിറച്ചു.

''എടാ..." മീറ്റർചാണ്ടി അവന്റെ തോളിൽ പിടിച്ചുകുലുക്കി.

''ഏ?"

അപരിചിത ഭാവത്തിൽ അവൻ ചാണ്ടിയെ തുറിച്ചുനോക്കി. ചാണ്ടിക്കു ഭയം തോന്നി.

''സിദ്ധാർത്ഥ്... എന്താടാ ഇത്?" വൈറസ് മാത്യുവും തിരക്കി.

''ഏ... എന്താ?"

അവന് ഒന്നും മനസ്സിലാകുന്നില്ല.

''എടാ... അമ്മയുടെ ബോഡി എന്തുചെയ്യണം?" മീറ്റർ ചാണ്ടി അവന്റെ അരുകിലിരുന്നു. ''മോർച്ചറിയിൽ വയ്ക്കണോ?"

''എന്തിന്? ആരെ കാത്ത്? എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമല്ലേയുള്ളൂ. കൊണ്ടുപോകണം. ഇപ്പത്തന്നെ..."

സിദ്ധാർത്ഥ് മുഖമുയർത്തി.

''പിന്നെ ചാണ്ടീ... നീ പോയി ഒരു ശവപ്പെട്ടി മേടിക്ക്."

സിദ്ധാർത്ഥ് പോക്കറ്റിൽ നിന്നു പഴ്സ് എടുത്തു.

''അത് കയ്യിലിരിക്കട്ടെ..." ചാണ്ടിക്ക് ഒരു സംശയം. ''പെട്ടി വേണോടാ? ദഹിപ്പിക്കുകയല്ലേ ചെയ്യുന്നത്?"

''വേണം... പെട്ടി വേണം." അവൻ ഉരുവിട്ടു.

പെട്ടി വാങ്ങാൻ മാത്യു, ചാണ്ടിക്ക് കണ്ണുകൾകൊണ്ട് ഒരടയാളം കാണിച്ചു.

സുരേഷ് ഡോക്ടറുടെ അടുത്തേക്കും ചാണ്ടി പെട്ടി വാങ്ങുവാനും പോയി.

മാത്യു കോന്നിയിലെ ഓട്ടോ ഡ്രൈവറന്മാരെ വിളിച്ചു വിവരം പറഞ്ഞു.

ഹോസ്പിറ്റലിലെ നടപടികൾ പൂർത്തിയാക്കി മഹിമാമണിയുടെ മൃതദേഹം ആംബുലൻസിൽ കയറ്റിയപ്പോഴേക്കും പത്തിരുപത് ഓട്ടോകൾ പാഞ്ഞെത്തി.

അതിൽ കോന്നിയിലെ ഓട്ടോ ഡ്രൈവറന്മാർ മുഴുവനും ഉണ്ടായിരുന്നു.

അമ്മയുടെ മൃതദേഹം വച്ച പെട്ടിക്കു മുകളിലേക്ക് സിദ്ധാർത്ഥ് മുഖമമർത്തിയിരുന്നു...

ഞെട്ടിയിട്ടെന്ന വണ്ണം സിദ്ധാർത്ഥ് ഇടയ്ക്കിടെ മുഖമമർത്തി ചുറ്റും പകച്ചു നോക്കുന്നുണ്ട്.

സുരേഷും ചാണ്ടിയും മാത്യുവും അത് ശ്രദ്ധിക്കുന്നുമുണ്ട്.

ആംബുലൻസ് കിഴവള്ളൂർ ജംഗ്‌ഷൻ പിന്നിട്ടു.

പെട്ടെന്നു യാത്ര മന്ദഗതിയിലായി.

മുന്നിൽ ജെ.സി.ബിയുടെ മുരൾച്ച. റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ വാഹനങ്ങൾ കടന്നുപോകുന്നുള്ളൂ.

ജെ.സി.ബിയുടെ 'റ്റീത്തി'ൽ മണ്ണു കോരി വയ്ക്കുന്നത് സിദ്ധാർത്ഥിന്റെ കണ്ണിലുടക്കി.

''ഞാനിപ്പം വരാം. വണ്ടി നിർത്ത്." അവൻ ആംബുലൻസ് ഡ്രൈവറോടു പറഞ്ഞു.

അയാൾ ബ്രേക്കമർത്തി.

''എന്താടാ?" മീറ്റർ ചാണ്ടിക്ക് മനസ്സിലായില്ല.

മറുപടി നൽകാതെ സിദ്ധാർത്ഥ് റോഡിലിറങ്ങി. ജെ.സി.ബിയുടെ അടുത്തേക്കു പാഞ്ഞുചെന്നു. അതിൽ ചാടിക്കയറി.

''ഏയ്..." ഡ്രൈവർ എന്തോ ചോദിക്കാൻ ശ്രമിച്ചപ്പോഴേക്കും അടിയേറ്റ് റോഡിലേക്കു വീണു.

(തുടരും)